കോഴിക്കോട്: നാദാപുരം വാണിമേലില്‍ രണ്ട് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. യുവതിയെ നാട്ടുകാര്‍ രക്ഷപ്പെട്ടുത്തിയെങ്കിലും കുട്ടികള്‍ മരിച്ചു. വാണിമേല്‍ കോടിയൂറയില്‍ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കുറുക്കന്‍ കണ്ടത്തില്‍ ഹമീദിന്റെ ഭാര്യ ജനീഫയാണ് രണ്ട് ആണ്‍മക്കളുമായി കിണറ്റില്‍ ചാടിയത്. നാദാപുരം ദാറുല്‍ ഹുദാ നഴ്സറി വിദ്യാര്‍ത്ഥി ഹനൂന്‍ ഹാമിസ് (നാലരവയസ്), മുഹമ്മദ് റംഷാന്‍ (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. 

അവശ നിലയിലായ ജനീഫ കല്ലാച്ചി സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ യിലാണ്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് യുവതി കിണറ്റില്‍ ചാടിയതെന്ന് പറയപ്പെടുന്നു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജനീഫയെയും മൂത്ത കുട്ടിയെയും പുറത്തെടുത്തെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. ഒന്നര മണിക്കൂര്‍ കഴിഞ്ഞാണ് രണ്ടാമത്തെ കുട്ടിയെ പുത്തെടുക്കാന്‍ കഴിഞ്ഞത്. 

കിണറ്റിലെ ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മുഹമ്മദ് റംഷാന്‍. കിണറിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പുറത്തു കളഞ്ഞാണ് ചേലക്കാട് നിന്നെത്തിയ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ നാട്ടുകാര്‍ ഈ കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടികളുടെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.