11 മണിക്ക് പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്.
ബംഗളുരു: പ്രോടേം സ്പീക്കറെ മാറ്റണമെന്ന കോണ്ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചതിന് പിന്നാലെ കര്ണ്ണാടക നിയമസഭയില് നടപടികള്ക്ക് തുടക്കമായി. 11 മണിക്ക് പ്രോടേം സ്പീക്കര് കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്. എംഎല്എമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത്.
രാവിലെ 10 മണിയോടെ തന്നെ സിദ്ധരാമയ്യയും കെ.ജെ ജോര്ജ്ജും അടക്കമുള്ളവര് സഭയിലെത്തി. പിന്നാലെ ബസുകളില് കോണ്ഗ്രസ്, ജെഡിഎസ് എംഎല്എമാരെ സഭയിലെത്തിച്ചു. കോണ്ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും ഇതുവരെ സഭയില് എത്തിയിട്ടില്ല. ഇതില് ആനന്ദ് സിങ് ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ തന്നെ വാര്ത്തകളുണ്ടായിരുന്നു.തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹവുമായി ആര്ക്കും ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.
രണ്ട് പേരും വിട്ടുനില്ക്കുന്നതോടെ സഭയിലെ അംഗസംഖ്യ 219 ആയി കുറയും. അഞ്ച് അംഗങ്ങള് ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. വൈകുന്നേരം നാല് മണിക്ക് മുന്പ് സത്യപ്രതിജ്ഞ പൂര്ത്തിയാക്കണം. സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് വൈകുന്നേരം നാല് മണിക്ക് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതുണ്ട്.
