Asianet News MalayalamAsianet News Malayalam

നേതാക്കളെ സംരക്ഷിക്കാനാകാതെ കോണ്‍ഗ്രസ്; ഗോവയില്‍ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തനായ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറെ പരാജയപ്പെടുത്തിയാണ് സുഭാഷ് നിയമസഭയിലെത്തിയത്

two congress mlas from goa joined bjp
Author
Panaji, First Published Oct 16, 2018, 6:17 PM IST

പനജി: ഗോവയിൽ ഭരണത്തിലെത്താമെന്ന പ്രതീക്ഷയില്‍ കരുക്കള്‍ നീക്കിയ കോണ്‍ഗ്രസിന് തിരിച്ചടി കൊടുത്ത് ബിജെപി. കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരുമായ രണ്ട് പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ദയാനന്ദ് സോപ്‌ടെയും,സുഭാഷ് ഷിരോദ്കറും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.

തങ്ങള്‍ ബിജെപിയില്‍ ചേരുകയാണെന്നും അടുത്ത ദിവസങ്ങളില്‍ രണ്ടോ മൂന്നോ എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുയാണെന്നും ദില്ലിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ച ശേഷം സുഭാഷ് ഷിരോദ്കര്‍ പറഞ്ഞു. സുഭാഷും ദയാനന്ദും രാജി നല്‍കിയ കാര്യം ഗോവ നിയമസഭ സ്പീക്കര്‍ പ്രമോദ് സാവന്ത് സ്ഥിരീകരിച്ചു.

ഒരുതരത്തിലുള്ള സമര്‍ദത്തിന് വഴങ്ങിയല്ല രാജിയെന്നും ഡോ. സാവന്ത് വ്യക്തമാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തനായ നേതാവും മുഖ്യമന്ത്രിയുമായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറെ പരാജയപ്പെടുത്തിയാണ് സുഭാഷ് നിയമസഭയിലെത്തിയത്.

ഗോവന്‍ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലാണ്. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയാണെന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നും കോണ്‍ഗ്രസ് വാദമുഖങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് രണ്ട് എംഎല്‍എമാര്‍ രാജിവെച്ച് എതിര്‍ പാളയത്തില്‍ എത്തിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios