കണക്കില്‍ കോടികളുണ്ടായിട്ടും അറ്റകുറ്റപ്പണി ഇഴഞ്ഞ് നീങ്ങി തൃശൂരിലെ പൊതു വിദ്യാലയങ്ങള്‍. 

തൃശൂർ: സ്കൂൾ തുറക്കാൻ രണ്ട് ദിവസം ശേഷിക്കെ പലവിധ ദുരിതങ്ങളും പേറി അധികൃതരുടെ നെട്ടോട്ടം. ഫിറ്റ്നസ് കിട്ടാത്തതാണ് പ്രധാന പ്രശ്നം. നവീകരണത്തിനുള്ള ഫണ്ട് കിട്ടാതിരുന്നതും പ്രതിസന്ധിയായി. എൽ.എസ്​.ജി.ഡി ചീഫ്​ എ‍‍‍‍ന്‍ജിനീയർ, അസി.എൻജിനീയർമാർക്ക്​ നൽകിയ കർശന നിർദേശവും വില​പോയില്ല. നിലവില്‍ സ്​കൂൾ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ പരിശോധന എങ്ങുമെത്താത്ത സാഹചര്യം തുടരുകയാണ്​. 

മെയ് 25 ന്​ സർട്ടിഫിക്കറ്റ്​ നൽകണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പി​ന്‍റെ നിർദേശം. എന്നാൽ ഫിറ്റ്​നസ്​ പരിശോധന ജില്ലയിൽ കാൽ ശതമാനം പോലും പൂർത്തിയായിട്ടില്ല. എയ്​ഡഡ്​ മേഖലയിലാണ്​ അൽപമെങ്കിലും അറ്റകുറ്റപണി നടന്നിട്ടുള്ളത്​. അറ്റകുറ്റപണികൾ ഇഴയുന്നതായി നേരത്തെ വാർത്തകള്‍ വന്നിരുന്നു. ഇതി​ന്‍റെ അടിസ്​ഥാനത്തിലാണ് ചീഫ്​ എൻജിനീയർ, അസി.എൻജിനീയർക്ക് പരി​ശോധന ധ്രുതഗതിയിലാക്കുന്നതിന്​ ​കർശന നിർദേശം കൈമാറിയത്. 

എന്നാൽ സ്​കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കവേ പരിശോധന അവസാന ദിവസങ്ങളിലേക്ക്​ നീങ്ങിയത്​ കാര്യങ്ങൾ വലച്ചു. പരിശോധന സ്​കൂൾ തുറക്കുന്നതിനോട്​ അടുത്ത ദിവസങ്ങളിലേക്ക്​ മാറ്റിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയാണ്. പൊതുവിദ്യാലയങ്ങൾക്കാണ്​ ഏറെ പ്രശ്​നം. ഒരുഭാഗത്ത്​ ഇവയെ മികവി​ന്‍റെ കേന്ദ്രങ്ങളാക്കുമെന്ന്​ പ്രഖ്യാപിക്കുമ്പോഴാണ്​ കാര്യങ്ങൾ ഏങ്ങുമെത്താതെ പോവുന്നത്​. 

ജില്ലാ പഞ്ചായത്തി​ന്‍റെ കീഴിലുള്ള ത‍ൃശൂര്‍ ജില്ലയിലെ 123 പൊതുവിദ്യാലയങ്ങള്‍ക്ക് നിലവില്‍ ഫിറ്റ്നസ് കിട്ടിയിട്ടില്ല. ജില്ലാ വിദ്യാഭ്യാസ അധികാരികളോട്​ സമയം നീട്ടിചോദിച്ചിരിക്കുകയാണ്​ ഭൂരിഭാഗം സ്​കൂൾ അധികൃതരും. ജൂൺ ഒന്നിന്​ മു​മ്പേ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ ഉറപ്പാക്കുന്നതിന്​ അനുമതി ജില്ലാ അധികാരികൾ നൽകിയിട്ടുണ്ട്. 58 ഹൈസ്​കൂളുകളിലും 51 ഹയർസക്കൻഡറി സ്​കൂളുകളിലും 14 വി.എച്ച്​.എസ്​.ഇയിലുമായി അറ്റകുറ്റപ്പണി ഇഴയുകയാണ്​. ഇവയെ മികവി​ന്‍റെ കേന്ദ്രങ്ങളാക്കുന്നതിന്​ 9.08 ​കോടിയുടെ ഫണ്ടാണ്​ ഈ അധ്യയന വർഷം നൽകുന്നത്​. 123 സ്​കൂളുകൾക്ക്​ അറ്റകുറ്റപണിക്കായി ഏഴുലക്ഷം രൂപ വീതമാണ്​ ജില്ലാ പഞ്ചായത്ത്​ നൽകുന്നത്​. 

ആർ.എം.എസ്​.എ ഫണ്ടും ലഭിച്ചില്ല

സ്​കൂൾ നവീകരണത്തിനായി രാഷ്​ട്രീയ മധ്യമിക്​ ശിക്ഷ അഭയാൻ (ആർ.എം.എസ്.എ) നൽകിയ ഫണ്ട്​ ജില്ലാ പഞ്ചായത്തിന്​ നൽകിയതും സ്​കൂളുകൾക്ക്​ തിരിച്ചടിയായി. നേരത്തെ സ്​കൂളുകൾക്ക്​ നേരിട്ടാണ്​ ആർ.എം.എസ്​.എ ഫണ്ട്​ നൽകിയിരുന്നത്​. പി.ടി.എ പ്രസിഡന്‍റ് ചെയർമാനും , പ്രധാന അധ്യാപന്‍ കൺവീനറുമായ സമിതയാണ്​ ഇത്​ ചെലവിട്ടിരുന്നത്​. കൃത്യമായ റിപ്പോർട്ട് ഇവരാണ് സമര്‍പ്പിക്കേണ്ടതും. പുതിയ രീതി അനുസരിച്ച്​ ജില്ലാ പഞ്ചായത്തിനാണ്​ പണം കൈമാറിയിരിക്കുന്നത്​. ജില്ലാ പഞ്ചായത്തിന്​ ഫണ്ട്​ കൈമാറു​മ്പോൾ പദ്ധതികളുടെ ഭരണാനുമതിക്ക്​ പുറമെ സാ​ങ്കേതിക അനുമതിയും ലഭിക്കേണ്ടതുണ്ട്​. തുടർന്ന്​ കാരാറും വേണം. അറ്റകുറ്റപണികളുടെ കാര്യത്തിൽ തന്നെ ജില്ലാപഞ്ചായത്തിന്‍റെ അലംഭാവം തുടരുകയാണ്​. അതിന് പുറമെ ആർ.എം.എസ്​.എ ഫണ്ട്​ കൂടി ജില്ലാ പഞ്ചായത്തിന്​ നൽകിയതോടെ അറ്റകുറ്റപണിക്കായി നൽകിയ ഫണ്ടിന്‍റെ ഗതികേടുതന്നെയാണ്​ ഇതിനും ഉണ്ടാവുക. ഇതോടെ രണ്ട് ഫണ്ടും ലഭിക്കാതെ വന്നതോടെ പൊതുവിദ്യാലയങ്ങളുടെ പണസ്രോതസുകൾ അടഞ്ഞിരിക്കുകയാണ്​. 

36 സ്​കൂളുകളിൽ ശുചിമുറികൾ ഒരുക്കുന്നതിന്​ ഒരോ ലക്ഷം വീതം ആർ.എം.എസ്​.എ നൽകും. 22 സ്കൂളുകളിൽ കുടിവെള്ളം ഒരുക്കുന്നതിന്​ അരലക്ഷം വീതം വേറെയും. കൂടാതെ നേരത്തെ നൽകിയ അപേക്ഷകൾ പരിഗണിച്ച്​ ഒമ്പത്​ സ്​കൂളുകൾക്കായി 26 ലക്ഷവും അനുവദിച്ചിട്ടുണ്ട്​. ഇത്രയധികം ഫണ്ട്​ ലഭിച്ചിട്ടും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനൊപ്പമാണ്​ 123 സ്​കൂളുകൾക്ക്​ അറ്റകുറ്റപണിക്കായി ഏഴുലക്ഷം ലഭിക്കാത്ത സാഹചര്യവുമുള്ളത്. 

പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുകുന്നത് കോടികൾ

ജില്ലയിലെ പൊതുവിദ്യാലയങ്ങളിലേക്ക്​ കോടികളാണ്​ ഒഴുകുന്നത്​. ജില്ലാ പഞ്ചായത്തി​ന്‍റെ കീഴിലുള്ള 132 വിദ്യാലയങ്ങൾ മികവി​​ന്‍റെ കേന്ദ്രങ്ങൾ ആക്കുന്നതിന്​ 9.97 ​കോടി രൂപയുടെ ഫണ്ടാണ്​ ഈ അധ്യയന വർഷം നൽകുന്നത്​. ലഭിക്കുന്ന ഫണ്ട്​ കൃത്യമായി വിനിയോഗിക്കാനാവാതെ സ്​കൂൾ അധികൃതർ വലയുകയാണ്​. താങ്ങും തണലുമായി ജനപ്രതിനിധികൾ കൂടെയുണ്ടെങ്കിൽ അവ കൃത്യമായി വിനിയോഗിക്കാനാവും. എന്നാൽ ഉദ്യോഗസ്ഥരെ പഴിചാരി കാര്യങ്ങളിൽ നിന്നും ഓടിയൊളിക്കുന്ന സ്​ഥിരം ഏർപ്പാടാണ്​ ഇക്കാര്യത്തിലും ജില്ലാപഞ്ചായത്ത്​ സ്വീകരിക്കുന്നത്​.

132 സ്​കൂളുകൾക്ക്​ അറ്റകുറ്റപണിക്കായി ഏഴുലക്ഷം രൂപ വീതമാണ്​ ജില്ലാ പഞ്ചായത്ത്​ നൽകുന്നത്​. ഇത്​ ആർ.എം.എസ്​.എ വക വേറെയുമുണ്ട്​ ഫണ്ട്​. 36 സ്​കൂളുകളിൽ ശുചിമുറികൾ ഒരുക്കുന്നതിന്​ ഒരോ ലക്ഷം വീതം ആർ.എം.എസ്​.എ നൽകും. 22 സ്​കൂളുകളിൽ കുടിവെള്ളം ഒരുക്കുന്നതിന്​ അരലക്ഷം വീതവും നൽകും. ഇത്​ കൂടാതെ നേരത്തെ നൽകിയ അപേക്ഷകൾ പരിഗണിച്ച്​ ഒമ്പത്​ സ്​കൂളുകൾക്കായി 26 ലക്ഷവും അനുവദിച്ചിട്ടുണ്ട്​. ഇത്രയധികം ഫണ്ട്​ ലഭിച്ചിട്ടും ഫലപ്രദമായി വിനിയോഗിക്കുന്നതിന്​ ഇതുവരെ കഴിഞ്ഞിട്ടില്ല. മാർച്ച്​ 24 നാണ്​ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട കരാർ നടപടികൾ സ്വീകരിച്ചത്​. 

അതിനിടെ ഏഴ്​ സ്​കൂളുകളുടെ അറ്റകുറ്റപണി ഏറ്റെടുക്കാൻ കരാറുകാർ വന്നില്ല. ഇതിനുള്ള റീടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്​. കരാർ നടപടികളായ സ്​കൂളുകളിൽ കഴിഞ്ഞ സാമ്പത്തിക വർഷം കഴിയുന്ന മാർച്ച്​ 31 ന്​ പണികൾ തുടങ്ങിയെന്നാണ്​ വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി. എന്നാൽ മുഴുവൻ സ്​കൂളുകളിലും പണികൾ ഇഴയുകയാണ്​. പലയിടത്തും പ്രാഥമിക പ്രവർത്തനങ്ങളാണ്​ നടക്കുന്നത്​. സ്​കൂളുകൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കവേ അറ്റകുറ്റപണി പോലും കൃത്യമായി മുഴുവൻ സ്​കൂളുകളിലും നടക്കാനിടയില്ല. 

ജൂൺ 10 നകം സ്​കൂളുകൾക്ക്​ ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ ​ലഭിക്കേണ്ടതുണ്ട്​. എന്നാൽ മാത്രമേ ഈ അധ്യയന വർഷം ക്ലാസുകൾ നടത്താനാവൂ. ഇതിനുള്ള നെ​ട്ടോട്ടത്തിലാണ്​ സ്​കൂൾ അധികൃതർ. തദ്ദേശസ്​ഥാപനങ്ങളിൽ മുട്ടാത്ത വാതിലുകളില്ല. എന്നാൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ മുന്നോട്ടുപേകുന്നി​തിന്​ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാവുന്നില്ല. ജില്ലാ പഞ്ചായത്ത്​ പ്രതിനിധികൾ വിചാരിച്ചാൽ കാര്യങ്ങൾ കൃത്യമായി നടക്കും. അവരാണെങ്കിൽ എൻജിനീയറിങ്​ വിഭാഗത്തി​നെതിരായ സ്​ഥിരം പരാതി പല്ലവിയുമായി നടക്കുകയാണ്​. എൻജിനീയർമാരെ നിലക്കുനിർത്താൻ ജനപ്രതിനിധികൾക്ക്​ എന്തുകൊണ്ടാവുന്നില്ലെന്ന ചോദ്യം പ്രസക്​തമാണ്​. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവർ കാര്യങ്ങൾ ഇങ്ങനെ അലംഭാവത്തോടെ കാണു​മ്പോൾ തടിച്ചുവീർക്കുന്നത്​ എയ്​ഡഡ്-സ്വകാര്യ സ്​കൂളുകളാണ്​.