രോഗിയുമായി ബന്ധമുള്ളവരുടെ സന്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 1353 ആയി ഉയർന്നു

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ഇന്ന് രണ്ട് പേർ മരിച്ചു. കോഴിക്കോട് നെല്ലിക്കോട് സ്വദേശി മധുസൂദനൻ(55), കാരശ്ശേരി സ്വദേശി അഖിൽ(27) എന്നിവരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 16 ആയി. 

മധുസൂദനൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും അഖിൽ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രണ്ട് പേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരുന്ന രോഗിയെ സന്ദർശിച്ചിരുന്നു. ഇവിടെ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയിക്കുന്നത്.

അതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരാൾക്ക് കൂടി ബുധനാഴ്ച്ച നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 18 പേർക്കാണ് ഇതോടെ നിപ വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചത്. നിപ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത്. രണ്ട് പേരെ കൂടി രോഗ ലക്ഷണങ്ങളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇതോടെ രോഗ ലക്ഷണങ്ങളുമായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഒൻപത് ആയി. രോഗിയുമായി ബന്ധമുള്ളവരുടെ സന്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 1353 ആയി ഉയർന്നു. കേരളത്തിൽ കണ്ടെത്തിയ വൈറസിന് ബംഗ്ലാദേശിൽ കണ്ടെത്തിയതുമായി ജനിതക സാമ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

കൊൽക്കത്തയിൽ ഒരു മലയാളി സൈനികൻ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ മരിച്ചിരുന്നു. ഫോര്‍ട്ട് വില്യമിൽ സേവനമനുഷ്ടിക്കുന്ന ജവാൻ സീനു പ്രസാദാണ് ഞായറാഴ്ച്ച പനിബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം തിങ്കളാഴ്ച്ച സംസ്കരിച്ചു സാംപിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. നിപ വൈറസ് സംശയിക്കുന്നതിനാൽ ഇദ്ദേഹത്തിന്റെ മൃതദേഹം കൊൽക്കത്തയിൽ തന്നെ സംസ്കരിക്കുകയായിരുന്നു. 

അതിനിടെ ജപ്പാൻ ജ്വരം ബാധിച്ച് കോഴിക്കോട് വടകരയിൽ വീട്ടമ്മ മരിച്ചു. അഴിയൂര്‍ സ്വദേശി പദ്മിനിയാണ് മരിച്ചത്. നിപ ബാധിച്ചുവെന്ന സംശയത്തെ തുടർന്നായിരുന്നു ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.