രണ്ടിടങ്ങളിലായി രണ്ടു പേർ പുഴയിൽ മുങ്ങി മരിച്ചു

കൊച്ചി: എറണാകുളം ജില്ലയിൽ രണ്ടിടങ്ങളിലായി രണ്ടു പേർ പുഴയിൽ മുങ്ങി മരിച്ചു. കോതമംഗലം പൂയംകുട്ടി പുഴയിൽ കുളിക്കാനിറങ്ങിയ ഫോർട്ട് കൊച്ചി സ്വദേശി അരുണും, ആലുവ ഉളിയന്നൂർ കടവിൽ കുളിക്കാനിറങ്ങിയ ഇരിട്ടി സ്വദേശി റോയ് സി ജോണുമാണ് മരിച്ചത്.

പൂയം കുട്ടി പുഴയിലെത്തിയ ഏഴംഗ സംഘത്തിൽ രണ്ടു പേരാണ് ഒഴുക്കിൽ പെട്ടത്. ഇതിൽ ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. അരുണിനു വേണ്ടി പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലുവ ഉളിയന്നൂർ കടവിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് കണ്ണൂർ ഇരിട്ടി സ്വദേശി റോയ് മരിച്ചത്. ആലുവ മാർക്കറ്റിലെ പച്ചക്കറി കടയിൽ ജോലിക്കെത്തിയതായിരുന്നു റോയിയും സുഹൃത്തുക്കളും.