എ.ടി.എം തട്ടിപ്പ് നടത്തിയ രണ്ട് വിദേശികള്‍ ബെംഗളൂരുവില്‍ പിടിയില്‍. ഹംഗറി, റൊമേനിയന്‍ പൗരന്‍മാരാണ് അറസ്റ്റിലായത്. കേരളത്തിലടക്കം തട്ടിപ്പ് നടത്തിയവരുമായി ബന്ധമുളളവരാണ് ഇവരെന്നാണ് പൊലീസ് സംശയിക്കുന്നതd
ഡാന്‍ ക്രിസ്റ്റ്യന്‍, മേര്‍ ജാനോസ് എന്നിവരാണ് പിടിയിലായത്. ഡാന്‍ റൊമാനിയക്കാരനും ജാനോസ് ഹംഗേറിയന്‍ പൗരനുമാണ്‍. ഇരുവരും ടൂറിസ്റ്റ് വിസയില്‍ ഈ മാസം ഒന്നിനാണ് ഇന്ത്യയിലെത്തിയത്. സെപ്തംബര്‍ 19ന് മടങ്ങാനായിരുന്നു പദ്ധതി. ഇതിനിടയ്‌ക്കാണ് എ.ടി.എം തട്ടിപ്പിനുളള നീക്കങ്ങള്‍ നടത്തിയതെന്ന് കര്‍ണാടക സി.ഐ.ഡി പറയുന്നു. നഗരത്തിലെ വിവിധ എ.ടി.എം കൗണ്ടറുകളില്‍ പിന്‍ ക്യാമറ, കാര്‍ഡ് സ്കിമ്മര്‍ തുടങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിച്ച് വിവരങ്ങള്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ബെംഗളൂരു വിമാനത്താവളം, എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ട്രിനിറ്റി സര്‍ക്കിള്‍ തുടങ്ങിയ സ്ഥലങ്ങളിലെ എ.ടി.എമ്മുകളില്‍ ഇവര്‍ ഉപകരണം സ്ഥാപിച്ചു. കാര്‍ഡ് വലിക്കുന്ന ഭാഗത്തും കീപാഡിന് മുകളിലുമാണ് ചിപ്പ് ഘടിപ്പിച്ച ഉപകരണങ്ങള്‍ വെച്ചിരുന്നത്. ഇതില്‍ നിന്ന് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തും. ഇംഗ്ലണ്ടിലേക്കാണ് ഇതിന്‍റെ വിവരങ്ങള്‍ കൈമാറിയതെന്നാണ് പ്രതികള്‍ സി.ഐ.ഡിയോട് പറഞ്ഞത്. അവിടെ നിന്ന് പണം പിന്‍വലിക്കും.
നേരം പുലരും മുമ്പാണ് ഉപകരണങ്ങള്‍ വെക്കുക. അര്‍ധരാത്രിയെത്തി മെമ്മറി കാര്‍ഡുകള്‍ മാറ്റിവെക്കും. ഇന്ത്യയിലെത്തിയ ശേഷം പണം കവര്‍ന്നിട്ടില്ലെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് എ.ടി.എം തട്ടിപ്പിന് അറസ്റ്റിലായ വിദേശി ഇവരുടെ സംഘത്തില്‍പ്പെട്ടയാളാണെന്നാണ് പൊലീസിന്റെ സംശയം. പത്തിലധികം രാജ്യങ്ങളില്‍ എ.ടി.എം തട്ടിപ്പ് നടത്തുന്ന വലിയ സംഘം ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് നിഗമനം. ഇപ്പോള്‍ പിടിയിലായവര്‍ക്കെതിരെ ജമൈക്കയില്‍ കേസുണ്ട്. അമേരിക്ക, മെക്‌സിക്കോ, ഫ്രാന്‍സ്, അര്‍ജന്റീന,ഫിലിപ്പീന്‍സ് എന്നിവടങ്ങളിലും ഇതേ ആവശ്യത്തിന് ഇവര്‍ പോയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പണം നഷ്‌ടമായെന്ന മുന്നൂറിലധികം പരാതികളാണ് ബംഗളൂരു പൊലീസിന് ലഭിച്ചത്.
