തൃശ്ശൂര്‍: ആറ് ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് വിദേശികളെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. തൃശൂരിലെ കള്ളനോട്ട് കേസിലാണ് മൂന്ന് കാമറൂണ്‍ സ്വദേശികളെ തൃശൂര്‍ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറാം തിയ്യതിയാണ് തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയത്. ഒരു മലയാളിയും രണ്ട് വിദേശികളും ഹോട്ടലില്‍ മുറിയെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 

കള്ളനോട്ട് എത്തിച്ചവരടക്കം മൂന്ന് കാമറൂണ്‍ സ്വദേശികളെ തൃശൂര്‍ ഷാഡോ പൊലീസ് ബംഗളുരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആറ് ലക്ഷത്തി മുപ്പത്തിയെണ്ണായിരം രൂപയുടെ കള്ളനോട്ടും കള്ളനോട്ട് നിര്‍മ്മിക്കാനുപയോഗിക്കുന്ന വസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെടുത്തു. നോട്ടിരട്ടിപ്പ് സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്. കേസിലെ മുഖ്യ പ്രതി മതിലകം സ്വദേശി അശോകനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതികള്‍ എത്രലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഇതുവരെ വിതരണം ചെയ്തു എന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വിതരണം ചെയ്ത നോട്ടുകള്‍ക്കായി തെരച്ചില്‍ ആരംഭിച്ചെന്നും പൊലീസ് വ്യക്തമാക്കി.