മധുര: തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിനിടെ രണ്ടു പേര്‍ മരിച്ചു. അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റു. കാഴ്‌ചക്കാരായി എത്തിയ വാസിം അക്രം(20), എം വെള്ളൈസ്വാമി(50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവാപ്പുരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രമൈതാനത്ത് നടന്ന ജല്ലിക്കട്ടിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഇവരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അണ്ണവാസല്‍ ജില്ലയിലെ എല്ലൈപട്ടിയിലാണ് അപകടമുണ്ടായത്. വലിയതോതിലുള്ള തിക്കുതിരക്കുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കളക്‌ടര്‍ ഉദ്ഘാടനം ചെയ്‌ത ജല്ലിക്കട്ടിന് പൊലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍നിന്ന് ജല്ലിക്കട്ട് കാണാനായി എത്തിയ നൂറുകണക്കിന് ആളുകളെക്കൊണ്ട് ക്ഷേത്രമൈതാനം നിറഞ്ഞുകവിഞ്ഞു. ഇതിനിടെ കുതറിയോടിയ ഒരു കാള ആള്‍ക്കുട്ടത്തിനിടയിലേക്ക് പാഞ്ഞതോടെ തിക്കുംത്തിരക്കും ഉണ്ടായി. അത് അപകടത്തിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് ജല്ലിക്കട്ട് അധികൃതര്‍ നിര്‍ത്തിവെച്ചു.