ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ജൂണ്‍ 16ന് തെക്കന്‍ കാശ്മീരിലെ അകാബല്‍ പ്രദേശത്ത് ഒരു എസ് എച്ച് ഒയും മറ്റ് അഞ്ച് പോലീസുകാരും കൊല്ലപ്പെട്ട സംഭവത്തിലെ സൂത്രധാരനായ ബഷീര്‍ ലഷ്‌റിയും ഏറ്റമുട്ടലില്‍ മരിച്ചു. ഇയാളുടെ തലക്ക് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ രണ്ട് ഗ്രാമീണരും കൊല്ലപ്പെട്ടു. നാലു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആസാദ് മാലിക്ക് എന്നാണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരന്റെ പേര്. ഇരുവരും ലഷ്‌കര്‍ ഇ തോയ്ബ എന്ന സംഘടനയിലെ അംഗങ്ങളാണ്.