ചിക്മംഗളൂരു: കോട്ടയം അമൽജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം.കർണാടകത്തിലെ ചിക്മംഗളൂരുവിലാണ് വിനോദയാത്ര പോയ സംഘം അപകടത്തിൽപ്പെട്ടത്.മുണ്ടക്കയം സ്വദേശി മെറിൻ സെബാസ്റ്റ്യൻ സുൽത്താൻ ബത്തേരി സ്വദേശി ഐറിൻ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ പത്ത് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്.
വെളളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം.ചിക്മംഗളൂരുവിന് പതിമൂന്ന് കിലോമീറ്റർ അകലെ മാഗഡി അണക്കെട്ടിനടുത്താണ് അപകടമുണ്ടായത്.കനത്തമഴയിൽ നിയന്ത്രണം വിട്ട് ബസ് എഴുപതടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.അണക്കെട്ടിൽ വെളളമില്ലാത്ത ഭാഗത്തേക്ക് വീണ ബസ് മൂന്ന് തവണ മലക്കം മറിഞ്ഞു.ബസിനടിയിൽപ്പെട്ട രണ്ട് പെൺകുട്ടികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു.പുറകയെത്തിയ വാഹനങ്ങളിലുളളവരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അമൽജ്യോതി കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം മൂന്നാംവർഷ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചിക്മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലും ഹാസനിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു,ഗുരുതരമായി പരിക്കേറ്റവരിൽ അധികവും പെൺകുട്ടികളാണ്. അപകടം പതിവായ മേഖലയാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്.ഡ്രൈവറുടെ അശ്രദ്ധയും കനത്തമഴയുമാണ് അപകടകാരണമെന്നാണ് നിഗമനം.
