മെഡിക്കല്‍ ഷോപ്പ് ഉടമയടക്കം മയക്കുമരുന്നുമായി രണ്ടുപേര്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി.

വയനാട്: മെഡിക്കല്‍ ഷോപ്പ് ഉടമയടക്കം മയക്കുമരുന്നുമായി രണ്ടുപേര്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. പൊഴുതന നെച്ചിക്കോട്ടില്‍ മുഹമ്മദ് നൗഫല്‍ (29), മുട്ടില്‍ ടൗണിലുള്ള അല്ലിപ്ര മെഡിക്കല്‍ ഷോപ്പ് ഉടമ പഴയ വൈത്തിരി ചേലക്കാട്ടില്‍ കെ.പി. ഫൈസല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. 

മുട്ടില്‍ ടൗണില്‍ നിന്നാണ് രണ്ടു പേരും വ്യത്യസ്ത കേസുകളിലായി പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. ബൈക്കില്‍ മയക്കുമരുന്ന് വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദ് നൗഫലിനെ പിടികൂടിയത്. 

ഇയാളുടെ പക്കല്‍ നിന്നും 20 നൈട്രാസെപാം ഗുളികകളും 208 സ്പാസ്‌മോ പ്രോക്‌സിവോണ്‍ പ്ലസ് ഗുളികകളും പിടികൂടി. ഫൈസലില്‍ നിന്നും 70 നൈട്രാസെപാം ഗുളികകളാണ് കണ്ടെടുത്തത്. വിദ്യാര്‍ഥികള്‍ക്കടക്കം വിതരണം ചെയ്യുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കല്‍പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ജി.ടോമി, എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എ.ജെ.ഷാജി, പ്രിവന്റീവ് ഓഫിസര്‍മാരായ സി.ബി.വിജയന്‍, കെ. രമേഷ്, എം.സി.ഷിജു, കെ.മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ഇ.വി.ഏലിയാസ്, വീരാന്‍ കോയ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.