മണ്ണെടുക്കല്‍ അശാസ്ത്രീയമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കോഴിക്കോട്: നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുള്ളതായി കോര്‍പറേഷന്‍ എഞ്ചിനീയറിങ് വിഭാഗം പരിശോധനയില്‍ കണ്ടെത്തി. പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി. റിപ്പോര്‍ട്ട് സര്‍ക്കാറിന് അയച്ചതായി ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴ കാരണം മണ്ണ് കുതിര്‍ന്ന അവസ്ഥയിലായിരുന്നു. മണ്ണ് അടിയിലേക്ക് താഴ്ന്നിറങ്ങിയതാണ് അപകടം വരുത്തിയത്. ഈ സാഹചര്യത്തില്‍ കുഴിയെടുക്കുന്നത് അപകടം വരുത്തും എന്ന് വ്യക്തമായിട്ടും തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതാണ് ദുരന്തത്തിന് കാരണമായത്. 5.2 മീറ്റര്‍ അടി താഴ്ചയില്‍ മണ്ണെടുക്കാനാണ് കോര്‍പറേഷന്‍ നിര്‍ദേശിച്ചിരുന്നത്. അതില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തിട്ടില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം താമസിയാതെ നടക്കുമെന്ന് കലക്ടര്‍ പറഞ്ഞു. 

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഏഴരലക്ഷം രൂപ വീതം നല്‍കാന്‍ കെട്ടിട ഉടമകള്‍ തയാറായി. ഇതില്‍ ഒരു ലക്ഷം രൂപവീതം ഇതിനകം നല്‍കി. ബാക്കി കുടുംബാംഗങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ലേബര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ ഇടപെടലിന്റെ ഫലമായാണ് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ ധാരണയായത്. 

മണ്ണെടുക്കല്‍ അശാസ്ത്രീയമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തഹസില്‍ദാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. ഡി ആന്റ് ഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. അവരുടെ ഓഫീസ് അടച്ചുപൂട്ടിയ നിലയിലാണ്. നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കഴിഞ്ഞദിവസം തന്നെ ലേബര്‍ ഡിപാര്‍ട്ട്‌മെന്റ് ്‌സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. സമീപമുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.