എറണാകുളം: കോതമംഗലത്ത് കള്ളനോട്ടുമായി കൊൽക്കത്ത സ്വദേശികളായ സഹോദരിമാരടക്കം മൂന്ന് പേർ പിടിയിൽ. 22000രൂപയുടെ കള്ളനോട്ടാണെന്ന് ഇവരിൽ നിന്ന് കണ്ടെത്തിയത്. കൊൽക്കത്ത സ്വദേശികളും സഹോദരിമാരുമായ സുവാന,സാഹിൻ, കോട്ടയം സ്വദേശി മാളിയേക്കൽ അനൂപ് വർഗ്ഗീസ് എന്നിവരാണ് ഊന്നുകൽ പോലിസിന്‍റെ പിടിയിലായത്. 

കൊച്ചി–ധനുഷ് കോടി ദേശീയപാതയിൽ വാളറ പത്താംമൈലിലുള്ള കടയിൽ കയറി 4 പാക്കറ്റ് സിഗരറ്റ് വാങ്ങിയ സഹോദരിമാർ രണ്ടായിരം രൂപയുടെ നോട്ടു നൽകി. ഇരുവരും പുറത്തിറങ്ങിയ ശേഷം കടയുടമ നോട്ടുകൾ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് സംശയം തോന്നിയത്. പുറത്തിറങ്ങി ഇവരെ പിന്തുടരാർ ശ്രമിച്ചെങ്കിലും ഇവർ കാറിൽ പോയിരുന്നു. 

ഉടൻ കടയുടമ നാട്ടുകാരോട് വിവരം പറയുകയും ഇവർ ഊന്നുകൽ പോലീസിൽ അറിയിക്കുകയും ചെയ്തു.തുടർന്ന് തലക്കോട് ചെക്ക് പോസ്റ്റിൽ വച്ചാണ് ഊന്നുകൽ പോലീസ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ 
എഴര ലക്ഷം രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു. ഇതിൽ 22000രൂപ കള്ളനോട്ടാണെന്ന് വ്യക്തമായി

വിദേശത്ത് ഒന്നിച്ച് ജോലി ചെയ്തവരരാണെന്നും അവിടെ വെച്ചാണ് കൊൽക്കത്ത സ്വദേശികളായ സഹോദരിമാരെ പരിചയപ്പെട്ടതെന്നും പിടിയിലായ മലയാളി യുവാവ് അനൂപ് മൊഴി നൽകി. മൂന്നാർ , കുമരകം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു എന്നും ചില ബിസിനസ് ആവശ്യങ്ങളും ഉണ്ടായിരുന്നുവെന്നും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മൂവരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കള്ളനോട്ടിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്