കോട്ടയം: സ്‌കൂളില്‍ നിന്നു മടങ്ങിയെത്തിയ ശേഷം നാടുചുറ്റാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ നടന്നു തീര്‍ത്തത് 25 കിലോമീറ്റര്‍. കൈലുണ്ടായിരുന്ന സൈക്കിള്‍ വിറ്റ് ലാവിഷായി ഭക്ഷണവും കഴിച്ച ശേഷമായിരുന്നു കുട്ടികളുടെ നാടുചുറ്റല്‍. രാത്രി വൈകിയും വീട്ടിലെത്താതെ വന്നതോടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കുട്ടികളെ കുമരകത്തു നിന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ നഗരത്തിന് സമീപമുള്ള ഇറഞ്ഞാലിലായിരുന്നു സംഭവം. നഗരത്തിലെ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് വീട്ടുകാര്‍ അറിയാതെ നാടുകാണാന്‍ ഇറങ്ങിയത്. ഇറഞ്ഞാലില്‍ നിന്ന് സൈക്കിളില്‍ യാത്ര തുടങ്ങി. വട്ടമ്മൂട് പാലത്തിനു സമീപം എത്തിയ ഇവര്‍ സൈക്കിള്‍ സമീപത്തെ ആക്രിക്കടയില്‍ 175 രൂപയ്ക്കു വിറ്റു. തുടര്‍ന്നു സമീപത്തെ ഹോട്ടലില്‍ കയറി ഇരുവരും വയര്‍ നിറച്ച് ഭക്ഷണവും കഴിച്ചു. പിന്നീട്, കുമാരനല്ലൂര്‍, കുടമാളൂര്‍, അയ്മനം വഴി കുമരകത്തേയ്ക്കു യാത്രയും തുടങ്ങി. ഇടവഴിയിലൂടെയെല്ലാം കാല്‍നടയായിട്ടായിരുന്നു കുട്ടികളുടെ യാത്ര.
സന്ധ്യമയങ്ങിയിട്ടും കുട്ടികള്‍ വീട്ടില്‍ വരാതെയായതോടെയാണ് ബന്ധുക്കള്‍ ഭയപ്പെട്ടത്. തുടര്‍ന്നു അവര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തി സി.ഐ സാജു വര്‍ഗീസ്, എസ്.ഐ രഞ്ജിത് കെ.വിശ്വനാഥ് എന്നിവരോട് പരാതിപ്പെട്ടു. ഉടന്‍ തന്നെ പോലീസ് സംഘം വയര്‍ലെസിലൂടെ സന്ദേശം ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലേയ്ക്കും കൈമാറി. ഇതിനിടെ കുമരകം എസ്.കെ.എം സ്‌കൂളിനു സമീപത്ത് രണ്ടു കുട്ടികളെ കണ്ടെത്തിയതായി കുമരകം എസ്.ഐ രജന്‍കുമാറിനു വിവരം ലഭിച്ചു. കുട്ടികളെ തടഞ്ഞു വച്ച ശേഷം നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം കുട്ടികളെ കസ്റ്റഡിയില്‍ എടുത്ത് ഈസ്റ്റ് പോലീസിനു കൈമാറി. സ്റ്റേഷനില്‍ എത്തിച്ച ശേഷം ബന്ധുക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു. ഇവരുടെ ഒപ്പം പഠിക്കുന്ന കുട്ടികളില്‍ ഒരാളെ സിഗരറ്റ് വലിച്ചതിനു അധ്യാപകര്‍ പിടികൂടിയിരുന്നു. ഇതു സംബന്ധിച്ചു തങ്ങളെയും വീട്ടില്‍ നിന്നു വഴക്കുപറയുമെന്നു ഭയന്നാണ് കുട്ടികള്‍ വീടുവിട്ടതെന്നാണ് പോലീസ് പറയുന്നത്.
