തിരുവല്ല: മാനസിക പീഡനമാരോപിച്ച് തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് പേര്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതോടെയാണ് ഇവര്‍ താഴെയിറങ്ങിയത്.

രാവിലെ 11 മണിയോടെയാണ് പുഷ്പഗിരി മെഡിസിറ്റിയിലെ ബിഫാം വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചത്. അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇന്‍റേണല്‍ മാര്‍ക്ക് മനപൂര്‍വ്വം കുറക്കുന്നുവെന്നും കാണിച്ച് ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷം കൈഞരന്പ് മുറിക്കുകയായിരുന്നു. കോളേജ് പ്രിന്‍സിപ്പല്‍, കെമിസ്ട്രി വിഭാഗം മേധാവി എന്നിവരുള്‍പ്പെടെ 5 അധ്യാപകരുടെ പേരും ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. 

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇതിനിടെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കോളേജിലേക്കെത്തി. ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് ചര്‍ച്ചയില്‍ കോളേജ് മാനേജ്മെന്റ് അറിയിച്ചു. തിങ്കളാഴ്ചക്കകം നടപടിയുണ്ടാകുമെന്നാണ് മാനേജ്മെന്‍റ് നല്‍കിയിരിക്കുന്ന ഉറപ്പ്.