ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി രണ്ട് യുവതികളാണ് ഇന്ന് പൊലീസിന് മുന്നിലെത്തിയത്. യാത്രക്കിടെ രണ്ട് ഡ്രൈവര്‍മാര്‍ തന്നെ കടന്നുപിടിച്ചെന്ന് ഒരു സീരിയല്‍ നടി പരാതിപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങുംവഴി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന മറ്റൊരു യുവതിയുടെ പരാതിയില്‍ ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ കസ്റ്റഡിയിലായി.

കോറമംഗലയിലെ സ്വകാര്യ കമ്പനിയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്കാണ് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. രാത്രി 2.30ന് ആയിരുന്നു സംഭവം. കോറമംഗലയില്‍ നിന്ന് ബേഗൂരിലെ താമസ സ്ഥലത്തേക്കാണ് യുവതി ടാക്‌സി വിളിച്ചത്. ബൊമ്മനഹള്ളിയിലെ ഒറ്റപ്പെട്ട സ്ഥല്തതെത്തിയപ്പോള്‍  ഡ്രൈവര്‍ വണ്ടി നിര്‍ത്തി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. താന്‍ ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതി പറയുന്നു. ടാക്‌സി ഡ്രൈവറായ രവികുമാറിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 

ദൂരം കൂടുതലുളള വഴിക്ക് വണ്ടിയോടിച്ചതിന് യുവതി തന്നോട് തട്ടിക്കയറിയെന്നും പാതിവഴിയില്‍ വച്ച് താന്‍ വണ്ടി നിര്‍ത്തി ട്രിപ്പ് റദ്ദാക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഡ്രൈവര്‍ മൊഴി നല്‍കി. പരാതി നല്‍കിയതിന് ശേഷം യുവതിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. രാജഗോപാല്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മറ്റൊരു സംഭവം. ഒരു സീരിയല്‍ നടിയാണ് പരാതിക്കാരി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ തന്റെ ഡ്രൈവറും അയാളുടെ സുഹൃത്തായ മറ്റൊരു ടാക്‌സി ഡ്രൈവറും തന്നെ കടുന്നുപിടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. രണ്ട് പേരെയും തിരിച്ചറിഞ്ഞെനന്നും ഉടന്‍ കസ്റ്റ‍ിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു.