നാല്‍പ്പതുലക്ഷത്തിന്‍റെ ഹാഷിഷ് പിടികൂടി രണ്ട് പേര്‍ അറസ്റ്റില്‍
കാസര്കോട്: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷുമായി രണ്ടംഗ സംഘത്തെ കാഞ്ഞങ്ങാട് പൊലീസ് പിടികൂടി. ട്രെയിൻ വഴി എത്തിച്ച ഹാഷിഷ് ഏജന്റിന് കൈമാറാനായി നിൽക്കുന്നതിനിടെയാണ് സംഘത്തെ പിടികൂടിയത്. തൃശൂർ ചാവക്കാട് സ്വദേശികളായ നദീം അബ്ദുൾ കരീം, അബ്സാർ എന്നിവരാണ് പിടിയിലായത്. ട്രയിൻ വഴി ഹാഷിഷുമായി രണ്ടുപേരെത്താൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് പ്രതികൾ വലയിലായത്.
കാഞ്ഞങ്ങാട് റയിൽവേസ്റ്റേഷന് പിറകിൽ നിന്നാണ് ഇവരെ പിടികൂടയത്. പ്രതികളിൽ നിന്നും 300 ഗ്രാമിലധികം തൂക്കം വരുന്ന ഹാഷിഷാണ് പിടിച്ചെടുത്തത്. ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ്. ഇതിന് വിപണിയിൽ നാൽപ്പത് ലക്ഷത്തോളം രൂപ വിലവരുമെന്നാണ് പൊലീസ് പറയുന്നത്. അടുത്തകാലത്ത് കാസർഗോഡ് ജില്ലയിൽ നടക്കുന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണിത്. മലപ്പുറത്ത് നിന്നാണ് ഹാഷിഷ് എത്തിച്ചതെന്നാണ് പ്രതികൾ പൊലീസ് നൽകിയ മൊഴി.
കാഞ്ഞങ്ങാട് എത്തിക്കാനായിരുന്നു നിർദേശമെന്നും ആരാണ് ഏജന്റാണെന്ന കാര്യം തങ്ങൾക്ക് അിയില്ലെന്നുമാണ് പിടിയിലായവർ പറയുന്നത്. കഴിഞ്ഞ മാസം മലപ്പുറത്ത് നിന്നും രണ്ട് കോടി വിലവരുന്ന ഹാഷിഷ് പിടികൂടിയിരുന്നു. ആ സംഘത്തിൽപെട്ടവാണ് ഇവരെന്നാണ് പൊലീസ് നൽകുന്ന സൂചന. മയക്കുമരുന്നിന്റെ യാഥാർത്ഥ ഉറവിടം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
