തിരുവനന്തപുരം: മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് കബളിപ്പിക്കുന്ന രണ്ട് യുവാക്കളെ നേമം പോലീസ് അറസ്റ്റ് ചെയ്തു. കാരക്കാമണ്ഡപം നേമം പൊന്നുമംഗലം വാറുവിളാകത്തുവീട്ടില്‍ ജഹാംഗീര്‍ മകന്‍ അര്‍ഷാദ് (24) പാലക്കാട് ആമയൂര്‍ പടപറമ്പില്‍ വീട്ടില്‍ സെയ്തലവി മകന്‍ പൊട്ടക്കാള എന്നുവിളിക്കുന്ന സുബൈര്‍ (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തും പാലക്കാടും നിരവധി കേസുകളില്‍ പ്രതികളായ ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലെ പെണ്‍കുട്ടികളുമായി മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു പ്രതികള്‍ കബളിപ്പിക്കുകയായിരുന്നു.
നേമം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.എസ്.സജി, എസ്.വിമല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിമല്‍ മിത്ര, സന്തോഷ് പി.എസ്. എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
