അഗസ്റ്റവെസ്റ്റ്ലാന്‍റ് വി വി ഐ പി ഹെലികോപ്റ്റർ ഇടപാടിനായി രണ്ട് പ്രധാന വ്യവസ്ഥകളിൽ യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് ഇളവ് വരുത്തിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. 6000 മീറ്റർ ഉയരത്തിൽ പറക്കുന്ന ഹെലികോപ്റ്റർ എന്നത് 4500 മീറ്ററായി കുറച്ചതും, കാബിന്‍റെ ഉയരം 1.8 മീറ്ററാക്കിയതും  ഇറ്റാലിയൻ കമ്പനിക്ക് കരാർ കിട്ടുന്നതിന് വേണ്ടിയായിരുന്നുവെന്ന് അന്വേഷണം സംഘം ചൂണ്ടിക്കാട്ടുന്നു.  

ഇടപാടിനായി ഇറ്റാലിയൻ കമ്പനി നൽകിയ 452 കോടി രൂപ കമ്മീഷനിൽ 414 കോടി ഇന്ത്യയിലെ ഉദ്യോഗസ്ഥർ വാങ്ങിയത്. അറസ്റ്റിലായ മുൻ വ്യോമസേന മേധാവി എസ്.പി.ത്യാഗിയിലൂടെ അവരിലേക്ക് കൂടി എത്താനാകുമെന്നാണ് സിബിഐയുടെ പ്രതീക്ഷ. ഇന്ന് പ്രത്യേക സിബിഐ കോടതിയിലാണ് ത്യാഗിയെയും ബന്ധു സഞ്ജീവ്, അഭിഭാഷകൻ ഗൗതം കെയ്താൻ എന്നിവരെ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി സിബിഐ ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് സാധ്യത.

അന്വേഷണത്തോട് സഹകരിക്കാൻ ത്യാഗി വിസമ്മതിച്ച സാഹചര്യത്തിലായിരുന്നു അറസ്റ്റെന്ന് സിബിഐ വിശദീകരിക്കുന്നു. 2010ലാണ് 3546 കോടി രൂപയുടെ അഗസ്റ്റവെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റർ ഇടപാടിൽ അന്നത്തെ യു.പി.എ സര്‍ക്കാർ ഒപ്പുവെച്ചത്. അഗസ്റ്റ കമ്പനി പ്രതിനിധികളുമായി വ്യോമസേന മേധാവിയായിരിക്കെ ത്യാഗി കൂടിക്കാഴ്ച നടത്തിയതും ത്യാഗിയുടെ ബന്ധുവായ സഞ്ജിവ് എന്ന ജൂലി ത്യാഗിയുടെ കണ്‍സൾട്ടൻസി ഹെലികോപ്റ്റർ കമ്പനി ഇടനിലക്കാരുമായി ഉണ്ടാക്കിയ ധാരണകളുമാണ് ത്യാഗിയുടെ പങ്ക് വ്യക്തമാക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

വാങ്ങുന്ന ഹെലികോപ്റ്ററിന്‍റെ പരീക്ഷണ പറക്കൽ വിദേശത്ത് നടത്തിയാൽ മതിയെന്ന് തീരുമാനിച്ചതിയും ത്യാഗിക്ക് പ്രധാന പങ്കുണ്ട്. അതേസമയ്ം കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് വിവിധ വകുപ്പുകൾ യോജിച്ച് എടുത്ത തീരുമാനത്തിൽ താൻ മാത്രമെങ്ങനെ കുറ്റക്കാരനാകുമെന്നാണ് ത്യാഗിയുടെ ചോദ്യം. കേസിലെ അന്വേഷണം വരുംദിവസങ്ങളിൽ യു പി എ കാലത്തെ പ്രമുഖരിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്.