ലഖ്‍നൗ: ഉത്തര്‍പ്രദേശില്‍ പശുക്കള്‍ക്കായുള്ള ആംബുലന്‍സ് സര്‍വ്വീസ് തുടങ്ങി. ഗോ ചികിത്സ മൊബൈല്‍ സര്‍വ്വീസ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ മൃഗഡോക്ടറുടെ സേവനവും ലഭ്യമാകും.

അലഞ്ഞുതിരുന്ന മുറിവേറ്റ പശുക്കളെ ആശുപത്രിയിലോ ഗോ ശാലകളിലോ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ടോള്‍ഫ്രീ നമ്പര്‍ സര്‍വ്വീസും തുടങ്ങിയിട്ടുണ്ട്. ഇത്തരം പശുക്കളെപ്പറ്റിയുള്ള വിവരങ്ങള്‍ ആര്‍ക്കും ഈ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാം. ഉടന്‍ ആംബുലന്‍സും മൃഗഡോക്ടറും ഒരു സഹായിയും സ്ഥലത്തെത്തും.

ലഖ്‍നൗ, ഗൊരഖ്‍പൂര്‍, വരാണസി, മഥുര, അലഹബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഒന്നാംഘട്ടമായി പദ്ധതി നടപ്പലാക്കുക. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പദ്ധതി ഉദ്ഘാടനം ചെയ്തു.

മധ്യപ്രദേശിലെ ഖര്‍ഗോണ്‍ ജില്ലാ ഭരണകൂടവും സമാനമായ രീതിയില്‍ ആംബുലന്‍സ് സര്‍വീസ് തുടങ്ങിയിരുന്നു. റോഡ് അപകടങ്ങളില്‍പെടുന്ന പശുക്കളുടെ രക്ഷക്കായാണ് ആംബുലന്‍സ് തുടങ്ങുന്നതെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പ്.