ഉത്തര്‍പ്രദേശിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഗോരക്പ്പൂര്‍, അസംഗഡ് ഉൾപ്പടെയുള്ള മേഖലകളിലായി 49 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിൽ അവശേഷിക്കുന്ന 90 ൽ 49 മണ്ഡലങ്ങളിലേക്കാണ് ആറാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗോരക്പ്പൂരും മുലായംസിംഗ് യാദവിന്‍റെ ലോക്സഭാ മണ്ഡലമായ അസംഗഡും ഈ ഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് പോവുകയാണ്.

സ്വന്തം മണ്ഡലത്തിൽ മുലായം സിംഗ് ഒരു തവണ പോലും സമാജ് വാദി പാര്‍‍ടിക്ക് വേണ്ടി എത്തിയില്ല എന്നത് ചര്‍ച്ചയായി. ഗോരക്പ്പൂര്‍ മേഖലയിൽ യോഗി ആദിത്യനാഥ് തന്നെയാണ് ബി.ജെ.പിക്ക് വേണ്ടി പ്രചരണരംഗത്ത് മുന്നിൽ നിന്നത്. 2012ലെ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാര്‍ടിക്ക് ഈമേഖലയിൽ നിന്ന് 27 സീറ്റാണ് കിട്ടിയത്. 9 സീറ്റ് ബി.എസ്.പിക്കും 7 സീറ്റ് ബി.ജെ.പിക്കും കിട്ടി. ഇത്തവണ വലിയ മുന്നേറ്റമാണ് ബി.ജെ.പിയുടെ ലക്ഷ്യം.

അതേസമയം 49ൽ 30ലധികം മണ്ഡലങ്ങളിൽ മുസ്ളീം-യാദവ വിഭാഗങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെ സ്വാധീനമുണ്ട്. മുസ്ളീം വോട്ടിൽ 5 ശതമാനം പോയാലും കോണ്‍ഗ്രസിന്‍റെ പരമ്പരാഗത വോട്ടുകൾ കൊണ്ട് ആ വിടവ് നികത്താനാകുമെന്ന് സമാജ് വാദി പാര്‍ടി കണക്കുകൂട്ടുന്നു. അതേസമയം 10 ശതമാനം മുസ്ളീം വോട്ടും ബാക്കി ദളിത് വോട്ടും മതി പൂര്‍വ്വാഞ്ചൽ തൂത്തുവാരാനെന്ന് ബി.എസ്.പി അവകാശപ്പെടുന്നു.

എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെയും ബി.എസ്.പിയുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ച് ഹിന്ദുവോട്ടുകളിൽ ഏകീകരണമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്.