ജറൂസലേം: ഇസ്രായേലിന്‍റെ പലസ്തീന്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവി​ന്‍റെ പലസ്​തീൻ വിരുദ്ദ പരാമർശത്തിനെതിരെയാണ് അമേരിക്ക ശക്തമായി രംഗത്തെത്തിയത്.

പലസ്​തീനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്​ വംശീയമായ ഉൻമൂലനമാണെന്നായിരുന്നു നെതന്യാഹുവി​ന്‍റെ പരാമർശം. വെസ്​റ്റ്​ ബാങ്കിലെ ഇസ്രായേൽ അധിനിവേശത്തെ കുറിച്ച്​ സംസാരിക്കു​മ്പോഴാണ്​ നെതന്യാഹു ഇങ്ങനെ പറഞ്ഞത്​. ഇസ്രായേൽ പ്രസ്​ ഓഫീസാണ് ഇതുസംബന്ധിച്ച വീഡിയോ പുറത്തു വിട്ടത്.

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പരാമർശങ്ങളോട്​ ശക്​തമായി വിയോജിക്കുന്നുവെന്നും ഇത്ത​രം പരാമർശങ്ങൾ ഉചിതമല്ലാത്തതും ഉപകാര​പ്രദമല്ലാത്തതാണെന്നുമായിരുന്നു അമേരിക്കയുടെ പ്രതികരണം. യു എസ്​ ഡിപ്പാർട്ട്​മെൻറ്​ സ്​റ്റേറ്റ്​ വക്​താവ്​ എലിസബത്ത്​ ട്രുഡ്​യുവിന്‍റെതാണ് പ്രതികരണം.

വെസ്റ്റ്ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമവിരുദ്ധമാണെന്നും ഇതാണ് വെസ്റ്റ്ബാങ്കിലെ സമാധാന ശ്രമങ്ങള്‍ പരാജയപ്പെടാന്‍ കാരണമെന്നും ട്രുഡ്​യു പറഞ്ഞു.