ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിങ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ഇന്ത്യന്‍ വംശജക്കെതിരെ സിഎന്‍എന്‍ അവതാരയുടെ വംശീയ പരാമര്‍ശം. തിരുവന്തപുരം സ്വദേശിയായ അനന്യ വിനയ്‌ക്കെതിരെയാണ് സിഎന്‍എന്‍ ചാനല്‍ അവതാരക എലിസണ്‍ കാമറോട്ട വംശീയ പരാമര്‍ശം നടത്തിയത്.
സ്‌പെല്ലങ് ബീ ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ അനന്യ വിനയുമായി എലിസണ്‍ കാമറോട്ടയും ക്രിസ് കോമോയും ചേര്‍ന്ന് അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തിനിടെ അവതാരക 'covfefe' എന്ന വാക്കിന്റെ സ്‌പെല്ലിങ് ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിന്റെ ഏറ്റവും പുതിയ ട്വീറ്റുകളിലൊന്നില്‍ ഉപയോഗിച്ചിരുന്ന വാക്കാണിത്. ഈ വാക്കിന്റെ കൃത്യമായ സ്‌പെല്ലിങ് അനന്യ പറയുകയും ചെയ്തു. തുടര്‍ന്നായിരുന്നു എലിസണിന്റെ വിവാദ പരാമര്‍ശം.
'covfefe' എന്ന വാക്ക് ഒരു അസംബന്ധ പദമാണെന്നും ഈ വാക്കിന്റെ ഉദ്ഭവം സംസ്‌കൃതത്തില്‍ നിന്നാണോയെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ലെന്നുമായിരുന്നു അവതാരകയുടെ പരമാര്‍ശം. അതുകൊണ്ടാകാം അനന്യക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിച്ചതെന്നും എലിസണ്‍ പറഞ്ഞു. അഭിമുഖത്തിന്റെ വീഡിയോ പുറത്തു വന്നതോടെ എലിസണെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
'marocain' എന്ന വാക്കിന്റെ കൃത്യമായ സ്‌പെല്ലിങ് പറഞ്ഞാണ് അനന്യ സ്‌പെല്ലിങ് മത്സരത്തില്‍ വിജയി ആയത്. തിരുവന്തപുരം പൂജപ്പുര സ്വദേശി വിനയ് ശ്രീകുമാറിന്റെയും തൃശ്ശൂര്‍ ചേലക്കോട്ടുകര പൊലിയേടത്തു വീട്ടില്‍ ഡോ.അനുപമയുടെയും മകളാണ് അനന്യ വിനയ്.
