യുഎഇ, നാല്‍പ്പത്തിയാറാം ദേശീയ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ഭാവിക്ക് വേണ്ടിയുള്ള തയാറെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്|യാന്‍ ദേശീയദിന സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ ഐക്യം പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികളാണ് എല്ലാ എമിറേറ്റുകളിലും സംഘടിപ്പിച്ചത്. നഗര വീഥികള്‍ ദേശീയപതാകയുടെ നിറങ്ങളാല്‍ അലങ്കൃതമായി. ഭരണാധികാരികളുടെ ചിത്രങ്ങള്‍ പതിച്ച വാഹനങ്ങളുമായി മലയാളികളടക്കമുള്ളവര്‍ തെരുവിലിറങ്ങി. വര്‍ണാഭമായ വെടിക്കെട്ടോടെയാണ് ദുബായ് ദേശീയ ദിനത്തെ വരവേറ്റത്. ഭാവിക്ക് വേണ്ടി ഇന്ന് തന്നെ തയാറെടുപ്പ് നടത്തണമെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ദേശീയ ദിന സന്ദേശത്തില്‍ പറഞ്ഞു. വികസനത്തിലും നേട്ടങ്ങളിലും 2017 മികച്ച വര്‍ഷമായിരുന്നു യു.എ.ഇക്ക്. ആഗോള സാമ്പത്തിക മേഖലയിലും മത്സരക്ഷമതയിലും വികസന സൂചികയിലും രാജ്യത്തിന് മുന്‍പന്തിയില്‍ നില്‍ക്കാന്‍ സാധിച്ചതായും ശൈഖ് ഖലീഫ വ്യക്തമാക്കി. നാല്‍പത്തിയാറാം ദേശീയദിനമാഘോഷിക്കുന്ന ഈ വേളയില്‍ യുഎഇ കൂടുതല്‍ സുസ്ഥിരവും ശക്തവുമായികൊണ്ടിരിക്കുകയാണെന്ന് യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയും തുടര്‍ച്ചയായുള്ള നേട്ടങ്ങളും പങ്കുവെച്ചാണ് വിവിധ എമിറേറ്റുകളില്‍ ആഘോഷ പരിപാടികള്‍ നടന്നത്.