ദുബായ്: യു.എ.ഇയില്‍ നിന്നുള്ള നാടക കലാകാരന്മാരുടെ കൂട്ടായ്മയായ തീയറ്റര്‍ ക്രിയേറ്റീവ് കേരളത്തിലെ വിവിധ ജില്ലകളില്‍ നാടകവുമായി എത്തുന്നു. അബുദാബിയില്‍ നടന്ന ഭരത് മുരളി നാടകോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ അരാജകവാദിയുടെ അപകട മരണമാണ് കേരളത്തില്‍ സംഘം അവതരിപ്പിക്കുക.

യു.എ.ഇയിലെ ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാടക കലാകാരന്മാരുടെ കൂട്ടായ്മയാണ് തീയറ്റര്‍ ക്രിയേറ്റീവ്. ഈയിടെ അബുദാബിയില്‍ നടന്ന ഭരത് മുരളി നാടകോത്സവത്തില്‍ ഇവര്‍ അവതരിപ്പിച്ച അരാജകവാദിയുടെ അപകട മരണം ഒന്നാം സമ്മാനം നേടിയിരുന്നു. ഈ നാടകം കേരളത്തിലെ വിവിധ ജില്ലകളില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് സംഘം. യു.എ.ഇയില്‍ നിന്നുള്ള സംഘാംഗങ്ങള്‍ തന്നെയാണ് കേരളത്തിലും നാടകം അവതരിപ്പിക്കുക.

സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവിന് മികച്ച സംവിധായകനുള്ള അവാര്‍ഡും നാടകോത്സവത്തില്‍ ലഭിച്ചിരുന്നു. ഭരത് മുരളി നാടകോത്സവത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതും ഈ നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഷ്റഫ് കിനാലൂരാണ്. ജോലി കഴിഞ്ഞ് കിട്ടുന്ന ഒഴിവ് സമയത്താണ് തീയറ്റര്‍ ക്രിയേറ്റീവ് അംഗങ്ങള്‍ നാടക പ്രവര്‍ത്തനം നടത്തുന്നത്.