ദുബായ്: ഖത്തറിനു മേലുള്ള ജിസിസി രാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് വഷളായ അറബ് രാഷ്ട്രീയത്തെ ഞെട്ടിച്ചു കൊണ്ട് പുതിയ വിവാദം. തങ്ങളുടെ യാത്രാവിമാനത്തെ ഖത്തറിന്റെ സൈനിക വിമാനം പിന്തുടര്‍ന്നുവെന്ന് യു.എ.ഇ ആരോപിച്ചതാണ് അറബ് മേഖലയെ വീണ്ടും പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്. 

ദുബായില്‍ നിന്നും ബഹറ്‌നിലെ മനാമയിലേക്ക് പോകുകയായിരുന്ന യുഎഇയുടെ യാത്രാവിമാനത്തെ ഖത്തര്‍ വ്യോമസേനാ വിമാനം പിന്തുടര്‍ന്നെന്നാണ് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആരോപിക്കുന്നത്. ഇത് അന്താരാഷ്ട്ര വ്യോമനിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ വിമര്‍ശിച്ചു. സംഭവത്തെ ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്നും യുഎഇ വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യുഎഇ വ്യക്തമാക്കി.