രണ്ട് മാസത്തെ വേനല്‍ അവധിക്കാലം കഴിഞ്ഞാണ് സ്‌കൂളുകള്‍ ഇന്ന് തുറന്നത്. ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് പുതിയ അധ്യയന വര്‍ഷമല്ല. എന്നാല്‍ മറ്റ് സ്‌കൂളുകള്‍ക്കെല്ലാം പുതിയ അധ്യയന വര്‍ഷാരംഭമാണ്. യു.എ.ഇയില്‍ പത്ത് ലക്ഷത്തില്‍ അധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്ക്. അബുദാബി എമിറേറ്റില്‍ 3.75 ലക്ഷം വിദ്യാര്‍ത്ഥികളും ദുബായില്‍ 2.88 ലക്ഷം വിദ്യാര്‍ത്ഥികളുമാണ് പഠിക്കുന്നത്. സ്‌കൂള്‍ ബസുകള്‍ മൂലം ഗതാഗത തടസമുണ്ടാകാതിരിക്കാന്‍ വിവിധ എമിറേറ്റുകളില്‍ അധികൃതര്‍ വിവിധ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷാര്‍ജയില്‍ 60 പട്രോളിംഗ് വാഹനങ്ങളാണ് ഗതാഗതം നിയന്ത്രിക്കാന്‍ സ്‌കൂളുകളുടെ വഴിയിലുണ്ടാവുക. ദുബായില്‍ മാത്രം അയ്യായിരത്തോളം സ്‌കൂള്‍ ബസുകളാണ് നിരത്തിലുണ്ടാവുക. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാന്‍ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ബസുകളിലെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച നിബന്ധനകളും അധികൃതര്‍ പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂള്‍ തുറന്നെങ്കിലും നാട്ടിലേക്ക് പോയ കുടുംബങ്ങളില്‍ ഒരു വിഭാഗം ഇനിയും തിരികെയെത്തിയിട്ടില്ല. ഈദ്, ഓണം അവധികള്‍ മുന്നില്‍ക്കണ്ട് അവധി നീട്ടി എടുത്തവരാണ് ഇതില്‍ ഏറെയും. നാട്ടില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയാന്‍ കാത്ത് നില്‍ക്കുന്നവരും കുറവല്ല.