അമേരിക്കന്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ യു.എ.ഇയില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഇതുവരെ നേരത്തെ വിസ എടുത്താല്‍ മാത്രമേ യു.എ.ഇയില്‍ ഇറങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് അനുമതി ഉണ്ടായിരുന്നുള്ളൂ.

അമേരിക്കന്‍ വിസയോ ഗ്രീന്‍ കാര്‍ഡോ ഉള്ള ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കാന്‍ യു.എ.ഇ തീരുമാനിക്കുകയായിരുന്നു. യു.എ.ഇ മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഇതുവരെ എല്ലാ ഇന്ത്യക്കാര്‍ക്കും യു.എ.ഇയില്‍ ഇറങ്ങണമെങ്കില്‍ നേരത്തെ തന്നെ വിസ എടുക്കണമായിരുന്നു. ഇതാണ് അമേരിക്കന്‍ വിസയുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ മാറാന്‍ പോകുന്നത്. യു.എ.ഇയിലെ ഏതെങ്കിലും വിമാനത്താവളത്തിലോ സീപോര്‍ട്ടിലോ എത്തിയ ശേഷം വിസ എടുക്കാനുള്ള സംവിധാനമാണ് ഓണ്‍ അറൈവല്‍ വിസ. അമേരിക്കന്‍ വിസയുടേയോ ഗ്രീന്‍ കാര്‍ഡിന്റെയോ കാലാവധി ചുരുങ്ങിയത് ആറ് മാസമെങ്കിലും ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. 14 ദിവസത്തേക്കുള്ള വിസയാണ് ഓണ്‍ അറൈവല്‍ വിസയായി ലഭിക്കുക. നിശ്ചിത ഫീസ് അടച്ചാല്‍ ഇത് 14 ദിവസത്തേക്ക് കൂടി നീട്ടാനുമാകും. കഴിഞ്ഞ വര്‍ഷം 1.6 മില്യണ്‍ ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ യു.എ.ഇയില്‍ എത്തിയെന്നാണ് കണക്ക്.