ദുബായ്: ബഹിരാകാശ ഗവേഷണ പര്യവേഷണ രംഗങ്ങളില്‍ സഹകരിക്കാൻ അമേരിക്കയുടെയും യുഎഇയുടെയും ധാരണ. ചൊവ്വ പര്യവേക്ഷണം ഉള്‍പ്പെടെയുള്ള രംഗങ്ങളിലും യുഎഇ സ്പേസ് ഏജൻസിയുമായി നാസ സഹകരിക്കും.

ബഹിരാകാശ ഗവേഷണ പര്യവേഷണ രംഗങ്ങളില്‍ അമേരിക്കയും യുഎഇയും തമ്മില്‍ സഹകരിക്കും. ബഹിരാകാശ ശാസ്ത്രം കൂടാതെ ഭൂമി നിരീക്ഷണം ഭൗമസാസ്ത്രം എയറോനോട്ടിക്സ്, ബഹിരാകാശ നിരീക്ഷണം പര്യവേഷണം വിദ്യാഭ്യാസം സാങ്കേതിക വിദ്യ, സുരക്ഷ തുടങ്ങിയ കാര്യങ്ങളിലും സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. 

രാജ്യാന്തര ഏജന്‍സികളുമായുള്ള സഹകരണം യുഎഇക്ക് ഏറെ ഗുണംചെയ്യുമെന്ന് സ്പേസ് ഏജന്‍സി ചെയര്‍മാന്‍ ഡോ. ഖലീഫ അല്‍ റൊമയ്തി പറഞ്ഞു. വിമാനങ്ങള്‍ ബഹിരാകാശ പേടകങ്ങള്‍, ഗവേഷണ സൗകര്യങ്ങള്‍ തുടങ്ങിയവ പരസ്പരം ഉപയോഗിക്കാനും ധാരണ സഹായകമാകും. 

ചൊവ്വ ദൗത്യത്തിനു പുതിയ ധാരണ ഗുണംചെയ്യുമെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡന്‍ വ്യക്തമാക്കി. എയറോനോട്ടിക്സ്, പര്യവേക്ഷണം, കണ്ടുപിടിത്തം, തുടങ്ങിയ രംഗങ്ങളില്‍ രണ്ടു ഏജന്‍സികളും ഏറെ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം പൊതു ബോധവല്‍ക്കരണം, എന്നിവവഴി വിവര ശാസ്ത്ര വിവരങ്ങള്‍ പരസ്പരം കൈമാറാനും ശാസ്ത്രജ്ഞരുടെയും എന്‍ജിനിയര്‍മാരുടെയും അനുഭവങ്ങള്‍ പര്സപരം പങ്കുവെയ്ക്കുകയുമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. 

ചൊവ്വാ പര്യവേക്ഷണവുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളെകുറിച്ച് ചര്‍ച്ചചെയ്യാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനും സമിതി രൂപീകരിക്കാനും അമേരിക്കയും യുഎഇയും തമ്മില്‍ ധാരണയായിട്ടുണ്ട്.