വിവേകത്തോടെ പെരുമാറണമെന്നും ഒരു പാക്കറ്റ് ബിസ്കറ്റ് നല്‍കാനായി മാത്രം യൂബര്‍ വിളിക്കരുതെന്നും യൂബര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, ചിലര്‍ ഈ പ്രളയക്കെടുതിയിലും ഇത്തരം സ്വാര്‍ത്ഥത കാണിച്ചിരിക്കുകയാണ്. 

കൊച്ചി: ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ നല്‍കുമെന്ന് പറഞ്ഞിരുന്ന സൗജന്യസേവനം നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് യൂബര്‍. ദുരിതാശ്വാസസാമഗ്രികളെത്തിക്കുവാന്‍ വിളിക്കുന്നതിനു പകരം ആളുകള്‍ സിനിമാ തിയറ്ററില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നുമാണ് പിക് ചെയ്യാന്‍ വിളിക്കുന്നത്. അതിനാലാണ് സേവനം നിര്‍ത്തിവച്ചതെന്നും യൂബര്‍ അറിയിച്ചിട്ടുണ്ട്.

യൂബര്‍ ആപ്പ് വഴി ദുരിതാശ്വാസക്യാമ്പുകളിലോ, അവ ശേഖരിക്കുന്ന സ്ഥലങ്ങളിലോ നിങ്ങളുടെ സഹായമെത്തിക്കാമെന്ന് യൂബര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ സേവനം സൗജന്യമായിരുന്നു. സാധനങ്ങള്‍ ഒരുക്കിയ ശേഷം സഹായങ്ങളെത്തിക്കാന്‍, യൂബർ ആപ്പിലെ 'FLOODRELIEF' എന്ന ഓപ്‌ഷന്‍ വഴി കൊച്ചി നഗരത്തിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ സഹായമെത്തിക്കാനാകുമായിരുന്നു. എവിടെയാണോ സാധനങ്ങളൊരുക്കിയിരിക്കുന്നത് അവിടെ ഒരു യൂബർ ഡ്രൈവർ എത്തുകയും, ദുരിതാശ്വാസ സഹായ വസ്തുക്കൾ എടുത്ത ശേഷം ക്യാമ്പുകളിലോ കളക്ഷൻ സെന്‍ററുകളിലോ എത്തിക്കുകയും ചെയ്യും. ഈ സേവനത്തിന് നിരക്കീടാക്കുകയും ചെയ്യില്ലെന്നും യൂബര്‍ നേരത്തെ അറിയിച്ചിരുന്നു.

വിവേകത്തോടെ പെരുമാറണമെന്നും ഒരു പാക്കറ്റ് ബിസ്കറ്റ് നല്‍കാനായി മാത്രം യൂബര്‍ വിളിക്കരുതെന്നും യൂബര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, ചിലര്‍ ഈ പ്രളയക്കെടുതിയിലും ഇത്തരം സ്വാര്‍ത്ഥത കാണിച്ചിരിക്കുകയാണ്. പലയിടത്തും പല സാധനങ്ങളുമെത്തിക്കാനാകാത്തത് വാഹനങ്ങളുടെ ലഭ്യതക്കുറവ് കാരണമായിരുന്നു. യൂബര്‍ അതിനൊരു പരിധി വരെ സഹായമായി മാറുമായിരുന്നു. 

ഇന്ന് കൊച്ചിയിലും നാളെ മുതല്‍ ചെന്നൈ, ബാംഗ്ലൂര്‍ നഗരങ്ങളിലുമാണ് യൂബര്‍ സൗജന്യ സേവനം വാഗ്ദാനം ചെയ്തിരുന്നത്. ദുരുപയോഗം കാരണം കൊച്ചിയിലെ സേവനം യൂബര്‍ നിര്‍ത്തിവച്ചു കഴിഞ്ഞു. നേരത്തെ കൊച്ചി മെട്രോ നല്‍കിയ സൗജന്യ സേവനവും ജനങ്ങള്‍ ദുരുപയോഗം ചെയ്തിരുന്നു. കാഴ്ചകള്‍ കാണാനും മറ്റുമായാണ് പലരും പ്രളയക്കെടുതിയിലും മെട്രോയുടെ സൗജന്യസേവനമുപയോഗിച്ചിരുന്നത്.