തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലക്കേസിൽ നിര്‍ണായക വഴിത്തിരിവ്. ഫോർട്ട്​ പൊലീസ്​ സ്​റ്റേഷനിലെ ഉരുട്ടിക്കൊലക്കേസിൽ ഉദയകുമാർ ലോക്കപ്പിൽ നിലവിളിക്കുന്നത് കേട്ടെന്ന് സാക്ഷിമൊഴി. സിബിഐ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയിലാണ് മാപ്പുസാക്ഷിയായ രജനി മൊഴി നൽകിയത്​. ഇവർ വനിത സിവിൽ പൊലീസ്​ ഉദ്യോഗസ്ഥയാണ്​.

സി.ഐ ഓഫിസിൽനിന്ന്​ ചോദ്യം ചെയ്‌ത ശേഷം തിരിച്ചുകൊണ്ടുവന്ന ഉദയകുമാർ ലോക്കപ്പിൽ കിടന്ന് നിലവിളിക്കുന്നത് കേ​ട്ടെന്നാണ്​ രജനിയുടെ മൊഴി​. പൊലീസുകാര്‍ ഉദയകുമാറിനെ ഉച്ചക്ക് 2.30ന്​ സ്​റ്റേഷനിൽ കൊണ്ടുവന്നു. അതിനുശേഷം ചോദ്യം ചെയ്യാൻ സി.ഐ ഓഫിസിൽ കൊണ്ടുപോയതായും മൊഴിയുണ്ട്. ഒന്നര മണിക്കൂറിന്​ ശേഷമാണ് ഉദയകുമാറിനെ താങ്ങിയെടുത്ത്​ തിരിച്ചുകൊണ്ടുവന്നത്. തിരുവനന്തപുരം സി.ബി.ഐ കോടതി ജ‍ഡ്ജി നാസറാണ് കേസ് പരിഗണിക്കുന്നത്. 

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ ഉരുട്ടിക്കൊലക്കേസിൽ ഏറിയ പങ്ക് സാക്ഷികളും പൊലീസുകാർതന്നെയാണ്. മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകിയ പലരും ഇതിനകം കൂറുമാറിക്കഴിഞ്ഞു. സാക്ഷികൾ കൂറുമാറുന്നത് തടയാന്‍ സി.ബി.ഐക്ക് നിലവിൽ സംവിധാനമില്ല. ഡിവൈ.എസ്.പി ഇ.കെ.സാബു, സി.ഐ.ടി. അജിത്കുമാർ, ഹെഡ് കോൺസ്​റ്റബിൾ വി.പി. മോഹൻ, കോൺസ്​റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 

2005 സെപ്തബര്‍ 27നാണ് മോഷണ കുറ്റം ആരോപിച്ച് ഉദയകുമാറിനെ ശ്രീകണ്ശ്വേരം പാര്‍ക്കില്‍നിന്ന് ഇ.കെ സാബുവിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ മരണമടഞ്ഞു. മരിക്കുന്നതിന് 24 മണിക്കൂർ മുന്നെ ഉദയകുമാറിന് മാരകമായി മർദ്ദനമേറ്റെന്നാണ് മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത ഡോ. ശ്രീകുമാരി മൊഴി നല്‍കി.

കേസ് ഇല്ലാതാക്കാൻ പോലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രധാനപ്പെട്ട മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. കൂടാതെ രേഖകള്‍ നശിപ്പിക്കാനും തിരുത്താനും കൂട്ടു നിന്ന ഏഴുപേരെകൂടി സിബിഐ പ്രതികളാക്കി പിന്നീട് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.