തിരുവനന്തപുരം: തിരുവനന്തപുരത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലക്കേസിൽ പൊലീസുകാര്‍ക്ക് തിരിച്ചടിയായി രണ്ടാമത്തെ വഴിത്തിരിവ്. ഉദയകുമാറിനെ ഉരുട്ടാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡ് തിരിച്ചറിഞ്ഞു. മുന്‍ ഫോറന്‍സിക് അസിസ്റ്റന്‍റ് ഡയറക്ടറാണ് തിരിച്ചറിഞ്ഞത്. കൂടാതെ ഉദയകുമാറിനെ കിടത്തിയ കട്ടിലും വസ്ത്രങ്ങളും തിരിച്ചറിഞ്ഞു. സിബിഐ പ്രത്യേക കോടതിയില്‍ നടന്ന വിചാരണക്കിടെയാണ് ഇവ തിരിച്ചറിഞ്ഞത്.

മരിക്കുന്നതിന് 24 മണിക്കൂർ മുന്നെ ഉദയകുമാറിന് മാരകമായി മർദ്ദനമേറ്റെന്നാണ് മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത ഡോ. ശ്രീകുമാരി മൊഴി നല്‍കിയിരുന്നു. സി.ഐ ഓഫിസിൽനിന്ന്​ ചോദ്യം ചെയ്‌ത ശേഷം തിരിച്ചുകൊണ്ടുവന്ന ഉദയകുമാർ ലോക്കപ്പിൽ കിടന്ന് നിലവിളിക്കുന്നത് കേ​ട്ടെന്ന് വനിത സിവിൽ പൊലീസ്​ ഉദ്യോഗസ്ഥയും മുന്‍പ് മൊഴി നല്‍കിയിരുന്നു. ഡിവൈ.എസ്.പി ഇ.കെ.സാബു, സി.ഐ.ടി. അജിത്കുമാർ, ഹെഡ് കോൺസ്​റ്റബിൾ വി.പി. മോഹൻ, കോൺസ്​റ്റബിൾമാരായ ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. 

2005 സെപ്തബര്‍ 27നാണ് മോഷണ കുറ്റം ആരോപിച്ച് ഉദയകുമാറിനെ ശ്രീകണ്ശ്വേരം പാര്‍ക്കില്‍നിന്ന് ഇ.കെ സാബുവിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഉരുട്ടല്‍ അടക്കം ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയനായ ഉദയകുമാര്‍ പിന്നീട് ജനറലാശുപത്രിയില്‍ മരണമടഞ്ഞു.