മുംബൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെയും ബിജെപി നേതൃത്വത്തെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചത് കൊണ്ടാണ് ഈ പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നതെന്നാണ് സാധരണ ജനങ്ങള്‍ കരുതുന്നതെന്നും ശിവസേന അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം ഉദ്ധവ് താക്കറെ പറഞ്ഞു.
ശക്തരായ നേതാക്കളുണ്ടെന്നാണ് ജനങ്ങളുടെ ധാരണ. പക്ഷേ അഹമ്മദാബാദില്‍ വിദേശികള്‍ക്കൊപ്പം പട്ടം പറത്താന്‍ മാത്രം താല്‍പ്പര്യമുള്ളൊരു നേതാവുണ്ട്. ഈ വിദേശ നേതാക്കളെയൊന്നും ഗുജറാത്ത് അല്ലാതെ കശ്മീരിലോ മറ്റ് സംസ്ഥാനങ്ങളിലോ കൊണ്ട് പോകാത്തത് എന്താണെന്നും ഉദ്ധവ് ചോദിച്ചു. വ്യാജ വാഗ്ദാനങ്ങളാണ് ബിജെപി നേതൃത്വം ജനങ്ങള്‍ക്ക് നല്‍കുന്നത്. പശുവിനെ കൊല്ലുന്നത് കുറ്റകരമാക്കിയ രാജ്യത്ത് നുണപറയുന്നതും കുറ്റകരമാക്കേണ്ടതില്ലേ? രാജ്യം പുരോഗമിക്കുകയാണോ പിന്നോട്ട് പോവുകയാണോ എന്ന് ആര്‍ക്കും അറിയില്ല. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അച്ചാ ദിന്‍ എന്ന് കേള്‍ക്കുന്നെന്ന് മാത്രം. വ്യവസായങ്ങള്‍ അടച്ചുപൂട്ടിയതിലൂടെ യുവതലമുറ തൊഴില്‍രഹിതരായി. നേരത്തെയും ഇപ്പോഴുമുള്ള സര്‍ക്കാറുകള്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. പരസ്യങ്ങളിലൂടെ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനം. ഹിന്ദു വോട്ടുകള്‍ ഭിന്നിക്കുമെന്ന് കരുതിയാണ് ഇത്രയും നാള്‍ പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ ശിവസേന മത്സരിക്കാതിരുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
