മുംബൈ: ദേശീയഗാനം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ വന്ദേമാതരവും എല്ലാ ദിവസവും ചൊല്ലണമെന്ന് ശിവ സേനാ നേതാവ്. വന്ദേമാതരം ചൊല്ലാനായി പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുക്കണ്ട കാര്യമില്ലെന്നും എല്ലാ ദിവസവും വന്ദേമാതരം ചൊല്ലണമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. 

മറാത്തി കാര്‍ട്ടൂണ്‍ ആഴ്ച്ചപതിപ്പായ മര്‍മിക്കിന്‍റെ 57 മത് വാര്‍ഷികോത്സവത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ഉ്ദ്ധവ് താക്കറയുടെ പ്രസ്താവന. ദേശീയത ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം. അല്ലാതെ റിപ്പബ്ലിക്ക്, സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മാത്രം ഭാഗമാക്കരുതെന്നും താക്കറെ പറഞ്ഞു. 

ദേശീയഗാന വിവാദത്തിലുള്ള ബിജെപി നിലപാടിനെ താക്കറെ രൂക്ഷമായി വിമര്‍ശിച്ചു. അധികാരത്തില്‍ വരുന്നതിന് മുമ്പ് പറഞ്ഞ കാര്യങ്ങളല്ല ഇപ്പോള്‍ ബിജെപി ചെയ്യുന്നത്. രാജ്യത്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വന്ദേമാതരം ചൊല്ലണമെന്ന് പറഞ്ഞ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ ഇത് കര്‍ശനമാക്കുന്നില്ലെന്ന് താക്കറെ കുറ്റപ്പെടുത്തി.