Asianet News MalayalamAsianet News Malayalam

യു‍ഡിഎഫ്, ബിജെപി നേതാക്കൾ ഇന്ന് ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിക്കുമെന്ന് മുന്നറിയിപ്പ്

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ഇന്ന് ശബരിമലയിലെത്തി നിരോധനാജ്ഞ ലംഘിക്കും. പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കണമെന്ന ബിജെപി സർക്കുലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

udf bjp politicians going to sabarimala today
Author
pathnamthitta, First Published Nov 20, 2018, 6:24 AM IST

 

പത്തനംതിട്ട: യു‍ഡിഎഫ്- ബിജെപി നേതാക്കൾ ഇന്ന് ശബരിമലയിലേക്ക്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഘടകകക്ഷി നേതാക്കളും ഇന്ന് ശബരിമലയിലെത്തി നിരോധനാജ്ഞ ലംഘിക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.

ശബരിമല പോലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ ആളുകൾ ഒരുമിച്ച് കൂടുന്നത് നിരോധിച്ചത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നാണ് യുഡിഎഫ് നിലപാട്. ശബരിമല വിഷയത്തിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്‍റെ ഭാഗമായാണ് നേതാക്കൾ ഇന്ന് ശബരിമലയിലെത്തുന്നത്. വി. മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ഇന്ന് ശബരിമലയിലെത്തുന്നുണ്ട്.

നിരോധനാജ്ഞ നിലനിൽക്കെ പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് നേതാക്കൾക്ക് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശം. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ പ്രവർത്തകർ ശബരിമലയിലേക്ക് പോകണമെന്നാണ് നിർദ്ദേശം. സംസ്ഥാന ജനറൽ  സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്‍റെ പേരിലാണ് സർക്കുലർ നൽകിയിരിക്കുന്നത്.   

ശബരിമല കർമ്മ സമിതിയും വിശ്വാസികളുമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം ആവർത്തിക്കുമ്പോഴാണ് സംസ്ഥാന നേതൃത്വത്തിന്‍റെ സർക്കുലർ പുറത്ത് വന്നിരിക്കുന്നത്. ഓരോ ജില്ലയിൽ നിന്നും പരമാവധി പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് നേതാക്കൾക്കുള്ള നിർദേശം. ഡിസംബർ 15 വരെ  പ്രവർത്തകരെ എത്തിക്കാൻ  ചുമതലപ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ പേരും മൊബൈൽ നമ്പരും സർക്കുലറിലുണ്ട്. അതാത് ജില്ലകളിലെ സംസ്ഥാന, ജില്ലാ ഭാരവാഹികൾ നേതൃത്വവുമായി സംസാരിച്ച് പ്രവർത്തകരെ എത്തിക്കേണ്ട സ്ഥലംവും സമയവും തീരുമാനിക്കണം. ആർഎസ്എസ് മാതൃകയിലാണ് സ്ഥലങ്ങൾ വീതിച്ചു നൽകിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios