അനിൽ കുമാര്‍ 121074 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ. കെ ദാമോരൻ 73135 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. പി കുമാരദാസ് 6018 വോട്ടുകളും നേടി.
വണ്ടൂർ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വണ്ടൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി എ. പി അനിൽ കുമാറിന് ഇത്തവണയും വിജയിച്ചു. ആവേശ പോരാട്ടത്തിനൊടുവിൽ മണ്ഡലത്തിൽ 47939 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അനിൽ കുമാര്‍ വിജയിച്ചത്. തുടര്‍ച്ചയായി ആറാം തവണയാണ് അനില്‍ കുമാര്‍ ജയിക്കുന്നത്. അനിൽ കുമാര്‍ 121074 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. കെ. കെ ദാമോരൻ 73135 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. പി കുമാരദാസ് 6018 വോട്ടുകളും നേടി.
പട്ടികജാതി സംവരണ മണ്ഡലമാണ് വണ്ടൂര്‍. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് എ.പി അനില്‍ കുമാറിന്‍റെ മണ്ഡലം എന്ന നിലയിലാണ് വണ്ടൂര്‍ രണ്ട് പതിറ്റാണ്ടായി അറിയപ്പെടുന്നത് തന്നെ. 2001 മുതല്‍ തുടര്‍ച്ചയായി യുഡിഎഫ് ടിക്കറ്റില്‍ അനില്‍ കുമാര്‍ വണ്ടൂരില്‍ നിന്ന് ജയിച്ചുവരുന്നു. അതിനാല്‍തന്നെ, കോണ്‍ഗ്രസിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു വണ്ടൂരിലേത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും 15,563 വോട്ടുകളുടെ ലീഡ് എന്ന സുരക്ഷിത നില എ.പി അനില്‍ കുമാറിനുണ്ടായിരുന്നു. 2021-ല്‍ 87,415 വോട്ടുകൾ നേടിയാണ് എ.പി അനിൽ കുമാർ വണ്ടൂരില്‍ വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ലീഗ്- കോണ്‍ഗ്രസ് കല്ലുകടി ഇത്തവണ തിരിച്ചടിയാവില്ലെന്നും യുഡിഎഫ് കണക്കുകൂട്ടിയിരുന്നു.
അതേസമയം, ഓരോ തെരഞ്ഞെടുപ്പിലും അനില്‍ കുമാറിന്‍റെ ഭൂരിപക്ഷം കുറഞ്ഞുവരുന്നതില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും സജീവമാക്കിയത്. വണ്ടൂര്‍ മണ്ഡലത്തിലെ വികസനങ്ങളില്‍ എംഎല്‍എയ്ക്ക് കാര്യമായ പങ്കില്ല എന്ന തരത്തിലായിരുന്നു ഇടത് മുന്നണിയുടെ പ്രചാരണം. നിലമ്പൂർ താലൂക്കിലെ ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്.



