ഫീസിളവില്‍ അന്തിമ തീരുമാനം വരുന്നത് വരെ സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച പ്രതിപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. വ്യാഴാഴ്ച യുഡിഫ് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ പ്രതിപക്ഷ എം.എല്‍എമാരുടെ അനിശ്ചിതകാല നിരാഹാര സമരം ആറാം ദിവസം പിന്നിട്ടു. ആരോഗ്യ നില മോശമായതിനാല്‍ ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സമരം തുടരുമെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കി. സ്വാശ്രയ സമരം ജനം ഏറ്റെടുത്തുവെന്നാണ് യു.ഡി.എഫിന്റെ പൊതുവികാരം. സര്‍ക്കാറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കാന്‍ നിരാഹാര സമരത്തിന് കഴിഞ്ഞെന്നാണ് പ്രതിപക്ഷ വിലയിരുത്തല്‍. അതേ സമയം ഫീസ് കുറയ്‌ക്കണമെന്ന ആവശ്യവമായി എ.ഐ.വൈ.എഫും രംഗത്തെത്തി. ബുധനാഴ്ച ഇക്കാര്യം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും എ.ഐ.വൈ.എഫ് നേതാക്കള്‍ അറിയിച്ചു.