ബാര്‍ കോഴക്കേസിനെ തുടര്‍ന്നുള്ള പ്രതിസന്ധി കോണ്‍ഗ്രസിലും യു ഡി എഫിലും കനക്കുകയാണ്. ബാബുവിനും മാണിക്കും രണ്ട് നീതിയെന്ന ആരോപണം മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തിലാണ് അവസാനിച്ചത്. കെ എം മാണിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് യു ഡി എഫിലെ മറ്റ് നേതാക്കളും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും വിശ്വസിക്കുന്നുണ്ട്. യു ഡി എഫിന്റെ കാലത്ത് വിജിലന്‍സ് ത്വരിതാന്വേഷണം കെ ബാബുവിനെ പൂര്‍ണമായി കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയതാണ്. ആരോപണ വിധേയനായ കെ ബാബുവിന് സീറ്റ് നല്‍കരുതെന്ന വി എം സുധീരന്റെ കടുംപിടുത്തവും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സീറ്റ് നല്‍കേണ്ടിവന്ന സാഹചര്യവും ബാബുവിന്റെ തോല്‍വിയുമൊക്കെ കോണ്‍ഗ്രസിനകത്ത് ഇനിയും അവസാനിക്കാതെ കിടക്കുന്ന വിഷയങ്ങളാണ്. ഈ സാഹചര്യത്തില്‍ പുതിയ സംഭവങ്ങള്‍ ഓരോ നേതാക്കളും എങ്ങനെ വിലയിരുത്തുന്നു എന്നത് ശ്രദ്ധേയമാണ്.പ്രമുഖ നേതാക്കളുടെ മൗനം ഒരുപാട് രാഷ്ട്രീയ അര്‍ത്ഥങ്ങളുള്ളതാണ്. പ്രത്യേകിച്ച് രാഷ്ട്രീയകാര്യസമിതിയുണ്ടാക്കി പുതിയ ചുവടു മാറ്റത്തിലേക്ക് പാര്‍ട്ടി കടക്കുന്ന സമയത്ത്. നിയമം നിയമത്തിന്റെ വഴിക്കെന്ന് പറഞ്ഞ് വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്. കോണ്‍ഗ്രസ് ഏത് രീതിയില്‍ ഇതിനെ പ്രതിരോധിക്കുമെന്നാണ് കണ്ടറിയേണ്ടത്.