Asianet News MalayalamAsianet News Malayalam

ഷോക്കടിച്ച് എൽഡിഎഫ്; അഴീക്കോട്ട് ഷാജിക്ക് കിട്ടിയ തിരിച്ചടിയുടെ ക്ഷീണം കൊടുവള്ളിയിൽ തീർത്ത് യുഡിഎഫ്

ആദ്യം അഴീക്കോട്ടേയും ഇപ്പോള്‍ കൊടുവള്ളിയിലേയും തിരഞ്ഞെടുപ്പുകള്‍ ഹൈക്കോടതി റദ്ദാക്കി. മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്‍റെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്ന് ആ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ഫലത്തില്‍ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങള്‍ നാഥനില്ലാത്ത അവസ്ഥയിലാണ്. അവയെല്ലാം തന്നെ മുസ്ലീംലീഗ് മത്സരിക്കുന്ന സീറ്റുകളാണ് എന്നത് മറ്റൊരു കൗതുകം. 

udf ldf leagal war spreading to one more constituency
Author
Koduvally, First Published Jan 17, 2019, 3:37 PM IST

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ നടപടി സര്‍ക്കാരിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും അപ്രതീക്ഷിത തിരിച്ചടിയാണ്. മാസങ്ങള്‍ക്ക് മുന്‍പ് അഴീക്കോട് മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജിയുടെ തിരഞ്ഞെടുപ്പ് ജയം റദ്ദാക്കി കൊണ്ട്  നേടിയ  മേല്‍ക്കൈ കൂടിയാണ് കൊടുവള്ളിയിലെ തിരിച്ചടിയിലൂടെ എല്‍ഡിഎഫിന് നഷ്ടമാകുന്നത്.

കെ എം ഷാജിയുടെ കാര്യത്തിലെന്ന പോലെ വിധിയെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ എല്‍ഡിഎഫിനും സാധ്യതയുണ്ടെങ്കിലും തെളിവുകളുടെ ആധികാരികത ചോദ്യം ചെയ്യുക എന്നത് വെല്ലുവിളിയാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയായ എം എ റസാഖിനെതിരെ 2006-ല്‍ നിലവിലുണ്ടായിരുന്ന ഒരു തട്ടിപ്പ് കേസ് കുത്തിപ്പൊക്കി കൊണ്ടു വന്ന നടത്തിയ പ്രചാരണമാണ് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നത്. തന്‍റെ 20,000 രൂപ അന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായിരുന്ന എം എ റസാഖ് തട്ടിയെടുത്തു എന്നാരോപിച്ചാണ് അന്ന് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍ പിന്നീട് ഈ കേസ് കോടതിയില്‍ എത്തിയപ്പോള്‍ ഒത്തുതീര്‍പ്പായിരുന്നു. 

2016 നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഈ പരാതിക്കാരനെ കണ്ടെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കരാട്ട് റസാഖ് തട്ടിപ്പുകാരനാണെന്ന് ഇയാളെ കൊണ്ട് പറയിപ്പിക്കുകയും അതിന്‍റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് മുസ്ലീംലീഗിന്‍റെ പരാതി. ഈ വീഡിയോ മണ്ഡലത്തിലുടനീളം പ്രചരിപ്പിച്ചുവെന്നും അവരുടെ പരാതിയിലുണ്ട്. എല്ലാ തിര‍ഞ്ഞെടുപ്പുകളിലും വ്യക്തിഹത്യയും വ്യാജപ്രചാരണവും സംബന്ധിച്ച ആരോപണങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും കൊടുവള്ളിയില്‍ തങ്ങളുടെ പരാതിയെ സാധൂകരിക്കുന്ന ശക്തമായ തെളിവുകള്‍ യുഡിഎഫ് ശേഖരിച്ചതാണ് ഇപ്പോള്‍ അവര്‍ക്ക് അനുകൂലമായി കാര്യങ്ങളെത്തിച്ചത്. 

കാരാട്ട് റസാഖ് പ്രചരിപ്പിച്ച വീഡിയോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചിലവുകളും അതിന് ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ കണക്കുകളും കൃത്യമായി സമര്‍പ്പിക്കണമെന്നും തിരഞ്ഞെടുപ്പ് ചട്ടത്തിലുണ്ട്. കൊടുവള്ളിയില്‍ എല്‍ഡിഎഫിന്‍റെ പേരില്‍ പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം വച്ചാണ് എം എ റസാഖിനെതിരായ പ്രചരണം നടത്തിയത്. ഇതിന്‍റെ വീഡിയോ-ഓഡിയോ ദൃശ്യങ്ങള്‍ പരാതിക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിവാദ വീഡിയോ എല്‍ഡിഎഫ് വാഹനത്തില്‍ ഉപയോഗിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരാതിക്കാരുടെ ആരോപണം സത്യമാണെന്ന് ബോധ്യപ്പെട്ട കോടതി ഇത്തരമൊരു വീഡിയോ നിര്‍മ്മിച്ചതിന്‍റെ ചെലവ് കാരാട്ട് റസാഖ് ബോധിപ്പിച്ചിട്ടില്ലെന്ന കാര്യവും കണ്ടെത്തി. എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിത്വം വഹിക്കുന്ന എം കെ സുരേഷ് എന്ന സിപിഎം നേതാവ് ഒരു പൊതുയോഗത്തില്‍ എം എ റസാഖിനെതിരെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്‍റെ വീഡിയോയും ഹൈക്കോടതിക്ക് മുന്നിലെത്തി.

ഹൈക്കോടതി അയോഗ്യനാക്കിയ കെ എം ഷാജി സുപ്രീംകോടതി വിധിയുടെ ബലത്തില്‍ ഇപ്പോഴും നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ നിയമസഭാ നടപടികളില്‍ ഷാജി പങ്കുചേരുന്നത് സംബന്ധിച്ച് വലിയ അനിശ്ചിതത്വം നിയമസഭയിലുണ്ടായിരുന്നു. ഇതേ ചൊല്ലി യുഡിഎഫ് എംഎല്‍എമാര്‍ സ്പീക്കറോടും സര്‍ക്കാരിനോടും നിരന്തരം ഏറ്റുമുട്ടിയിരുന്നു. ജനുവരി അവസാനം ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കേ കാരാട്ട് റസാഖിനെ വച്ച് ഇതിനൊക്കെ യുഡിഎഫ് കണക്ക് തീര്‍ക്കും എന്നുറപ്പാണ്. 

ഷാജിയ്ക്ക് പിന്നാലെ തന്‍റെ എംഎല്‍എ സ്ഥാനം നിലനിര്‍ത്താന്‍ നടത്തിയത് പോലുള്ള സുദീര്‍ഘമായ നിയമപോരാട്ടമായിരിക്കും ഇനി കാരാട്ട് റസാഖിനും എല്‍ഡിഎഫിനും നടത്തേണ്ടി വരിക. റസാഖിനെതിരെ നിരന്തരം മാഫിയാ ബന്ധം ആരോപിക്കുന്ന യുഡിഎഫ് പുതിയ പോര്‍മുഖമാണ് ഇന്നത്തെ ഹൈക്കോടതി വിധിയൂടെ തുറന്നിടുന്നത്.  മുസ്ലീംലീഗിന്‍റെ ശക്തികേന്ദ്രമായിരുന്ന കൊടുവള്ളിയില്‍ ലീഗില്‍ നിന്നും പുറത്തു വന്ന കാരാട്ട് റസാഖിനെ സ്ഥാനാര്‍ഥിയാക്കി മണ്ഡലം പിടിച്ച സിപിഎമ്മിന് കടുത്ത തിരിച്ചടി നല്‍കാനായതിന്‍റെ ആഹ്ളാദവും യുഡിഎഫില്‍ പ്രത്യേകിച്ചും മുസ്ലീലീഗ് ക്യാംപിലുണ്ടാവും. 

തിരഞ്ഞെടുപ്പിനിടെ പ്രചരിപ്പിച്ച വര്‍ഗ്ഗീയ സ്വഭാവമുള്ള ഒരു കെട്ട് പ്രചാരണനോട്ടീസുകളാണ് കെ എം ഷാജിയുടെ എംഎല്‍എ സ്ഥാനം തുലാസിലാക്കിയത്. പൊലീസ് പിടിച്ചെടുത്ത ഈ നോട്ടീസ് എവിടെ നിന്നും ലഭിച്ചു എന്നുള്ളതാണ് ഷാജി ഇപ്പോള്‍ കോടതിയില്‍ ഉന്നയിക്കുന്ന ചോദ്യം. നോട്ടീസുകള്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയോ ലീഗ് പ്രവര്‍ത്തകരോ അടിച്ചതാണെന്ന് തെളിയിക്കുന്ന എന്ത് തെളിവാണ് ഉള്ളതെന്നും ഷാജി ചോദിക്കുന്നു. എന്നാല്‍ റസാഖിന്‍റെ കാര്യത്തില്‍ കുറ്റവും തെളിവുകളും വ്യത്യസ്തമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ അപഹസിക്കുന്ന വീഡിയോ ഉണ്ടാക്കിയതും പ്രചരിപ്പിച്ചതും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ക്യാംപിലുള്ളവരാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള തെളിവുകള്‍ ശേഖരിച്ചു എന്നതാണ് യുഡിഎഫിന് കാരാട്ട് റസാഖിന്‍റെ കേസില്‍ മേല്‍ക്കൈ നേടിക്കൊടുത്തത്. ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കാരാട്ട് റസാഖ് സുപ്രീംകോടതിയിലേക്ക് പോയാലും അവിടെ ഈ തെളിവുകള്‍ പൊളിക്കുക കടുത്ത വെല്ലുവിളിയാവും. 

ഇടത്-വലത് മുന്നണികളുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് അപ്പുറം കൊടുവള്ളിയില്‍ ഒരു ഉപതിര‍ഞ്ഞെടുപ്പ് നടക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന കാര്യം. മലബാറിലെ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പുകള്‍  ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കി. ആദ്യം അഴീക്കോടും ഇപ്പോള്‍ കൊടുവള്ളിയിലും. മഞ്ചേശ്വരം എംഎല്‍എ പിബി അബ്ദുള്‍ റസാഖിന്‍റെ അപ്രതീക്ഷിത നിര്യാണത്തെ തുടര്‍ന്ന് ആ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. അവിടെ ഉപതിര‍ഞ്ഞെടുപ്പ് ഉറപ്പാണ്, ഒരു പക്ഷേ ലോക്സഭാ തിര‍ഞ്ഞെടുപ്പിനൊപ്പം തന്നെ അവിടേയും ജനവിധിയുണ്ടായേക്കാം. അഴീക്കോടും കൊടുവള്ളിയിലും മുസ്ലീംലീഗും സിപിഎമ്മും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാണെങ്കില്‍ മഞ്ചേശ്വരത്ത് ത്രികോണമത്സരമാണ് നടക്കുക എന്നതാണ് വ്യത്യാസം. 

Follow Us:
Download App:
  • android
  • ios