യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടില്‍ ലക്ഷ്യം ചെങ്ങന്നൂര്‍ പിന്തുണ

കോട്ടയം: യുഡിഎഫ് നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം എം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് പാലയിലെ വീട്ടിലെത്തിയത്.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് നേതാക്കള്‍ എത്തിയത്. മുതിര്‍ന്ന നേതാക്കള്‍ നേരിട്ടെത്തി നടത്തുന്ന കൂടിക്കാഴ്ചയുടെ തീരുമാനം അറിയാന്‍ നാളത്തെ സബ്കമ്മിറ്റി യോഗം വരെ കാത്തിരിക്കണം. 

മാണിയും മകന്‍ ജോസ് കെ മാണിയും മാത്രമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. മറ്റ് കേരള കോണ്‍ഗ്രസ് നേതാക്കളില്ല. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പിന്നീടായിരിക്കും നടത്തുക. 

അദ്ദേഹത്തിന് മുന്നണിയില്‍ എപ്പോള്‍ വേണമെങ്കിലും വരാമെന്നും തീരുമാനം മാണിയുടേതാണെന്നും കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

മാണിയെ ചെന്ന് കാണില്ലെന്ന പരോക്ഷ നിലപാട് അയഞ്ഞത് കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ചര്‍ച്ചയിലാണ്. മുന്നണി വിട്ടതിന് ശേഷം യുഡിഎഫ് നേതാക്കള്‍ ആദ്യമായാണ് മാണിയുടെ വസതിയിലെത്തുന്നത് എന്നത് മുന്നണി പ്രവേശന സാധ്യത കൂട്ടുന്നു.