തിരുവനന്തപുരം: കെ എം മാണിയോടുള്ള നിലപാട് മയപ്പെടുത്തി യുഡിഎഫ്. തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള ബന്ധം തുടരാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ലീഗിന്‍റെ രൂക്ഷ വിമര്‍ശനവും യോഗത്തിലുണ്ടായി.

കെഎം മാണിക്കും കൂട്ടര്‍ക്കും തിരിച്ചുവരാനുള്ള സാധ്യത നിലനിര്‍ത്തണമെന്ന് യോഗത്തില്‍ ഘടകകക്ഷികള്‍ നിലപാടെടുത്തു . മാണിക്കെതിരായ രൂക്ഷ വിമര്‍ശനങ്ങള്‍ ഒഴിവാക്കണം . ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കില്ലെങ്കിലും മുന്നണി വിടാനെടുത്ത തീരുമാനം കേരള കോണ്‍ഗ്രസ് പുന:പരിശോധിക്കണമെന്ന് യുഡിഎഫ് തീരുമാനിച്ചു. ഇതോടെ നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസും രംഗത്തെത്തി.

അതേസമയം യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ ലീഗ് ആഞ്ഞടിച്ചു . കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളാണ് സ്ഥിതിഗതികള്‍ വഷളാക്കിയത് . അത് പരിഹരിക്കാന്‍ നേതൃത്വത്തിനാകാത്തത് വീഴ്ചയാണ് . താഴേത്തട്ടില്‍ യുഡിഎഫ് സംവിധാനമേ ഇല്ല . നിലവിലെ യു‍ഡിഎഫ് സംവിധാനം ഉടച്ചുവാര്‍ക്കണമെന്നും യോഗത്തില്‍ കെപിഎ മജീജ് തുറന്നടിച്ചു .

ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 19നും 23 നും ഉഭയകക്ഷി ചര്‍ച്ച നടത്തും . ജില്ലാ യുഡിഎഫ് കണ്‍വീനര്‍മാരടെ യോഗം കബടി ചേര്‍ന്ന ശേഷം സെപ്റ്റംബര്‍ ഒന്നിന് വീണ്ടും യുഡിഎഫ് യോഗം ചേരാനും തീരുമാനമായി.