Asianet News MalayalamAsianet News Malayalam

മാണിയുടെ അതൃപ്തി; യുഡിഎഫ് യോഗം മാറ്റി

UDF to meet on 10th August
Author
Thiruvananthapuram, First Published Jul 26, 2016, 6:07 AM IST

തിരുവനന്തപുരം: യുഡിഎഫിനെ കടുത്ത പ്രതിസന്ധിയിലാക്കി കെ എം മാണി. മാണിയുടെ സമ്മര്‍ദത്തിനുവഴങ്ങി നാലിന് ചേരാനിരുന്ന യുഡിഎഫ് യോഗം 10ലേക്ക് മാറ്റി. ചരല്‍ക്കുന്നിലെ കേരള കോണ്‍ഗ്രസ് ക്യാമ്പിനുശേഷം മതി യുഡിഎഫ് യോഗമെന്ന നിലപാട് മാണി വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

പ്രശ്നപരിഹാരത്തിന് നേതാക്കള്‍ ഫോണില്‍ ബന്ധപ്പെടുമ്പോഴും നിലപാടില്‍ വിട്ടുവീഴ്ചക്ക് മാണി തയാറല്ല. ഇതോടെയാണ് മുന്നണി നേതാക്കള്‍ ഒരുമിചച്ചിരുന്ന് തീരുമാനിച്ച യോഗവും സര്‍ക്കാരിനെതിരെയുള്ള യുഡിഎഫിന്റെ സമരവുമെല്ലാം മാറ്റി വയ്ക്കേണ്ടിവന്നത്. ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമോ എന്നതില്‍ പോലും മാണി വ്യക്തത വരുത്തുന്നില്ല.

നാലാം തിയതി രാവിലെ സെക്രട്ടേറിയറ്റിനുമുന്നില്‍ എം എല്‍ എമാരുടെ സമരവും ഉച്ചക്കുശേഷം യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗവുമാണ് ഇന്നലെ തീരുമാനിച്ചത് . ഇതാണ് പത്തിലേക്ക് മാറ്റിയത് . മാണി അനുനയിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം .

മാണി അതൃപ്തി തുടരുന്നതോടെ ചരല്‍ക്കുന്നിലെ പാര്‍ട്ടി ക്യാമ്പാണ് നിര്‍ണായകം. മുന്നണി വിടണം, സഭയില്‍ പ്രത്യേക ബ്ലോക്കായിരിക്കണം തുടങ്ങി പല അഭിപ്രായങ്ങള്‍ കേരള കോണ്‍ഗ്രസിലുയരുമ്പോള്‍ ക്യാമ്പെടുക്കുന്ന തീരുമാനമായിരിക്കും മുന്നണിയുടെ ഭാവി നിശ്ചയിക്കുക. അതിനിടെ ഇന്നലത്തെ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് കെ എം മാണി വ്യക്തമാക്കി. ചരൽക്കുന്നിലെ പാർട്ടി ക്യാമ്പിനുശേഷമേ ഇനി യുഡിഎഫ് യോഗത്തിനുള്ളുവെന്നും മാണി പറഞ്ഞു.

Follow Us:
Download App:
  • android
  • ios