കൊല്ലം ചിന്നക്കടയില്‍ ബസ് ബേ ഉദ്ഘാടനത്തിനിടെ നാടകീയ സംഭവങ്ങളാണ് ചൊവ്വാഴ്ച വൈകുന്നേരം അരങ്ങേറിയത്. ഉദ്ഘാടന ചടങ്ങിന് സ്ഥലം എം.പി എൻ.കെ പ്രേമചന്ദ്രനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വേദിയിലേക്ക് കസേരകള്‍ വലിച്ചെറിഞ്ഞു. ഉദ്ഘാടനത്തിനായി മന്ത്രി കെ.ടി ജലീല്‍ വേദിയിലെത്തുന്നതിന് തൊട്ട് മുൻപായിരുന്നു സംഭവം
എം.പിയെ ക്ഷണിക്കാത്തതില്‍ വായ്മൂടിക്കെട്ടി പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റാൻ പൊലീസ് ശ്രമിച്ചതാണ് പ്രശ്നമായത്. പ്രകോപിതരായ പ്രവര്‍ത്തകര്‍ വേദിയിലേക്ക് കസേരകള്‍ തുരുതുരാ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ഏറെ നേരെത്തെ ശ്രമത്തിനൊടുവിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനായത്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വേദിക്ക് തൊട്ടരികെ മന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്രതിഷേധക്കാരെ മുഴുവനും മാറ്റിയതിന് ശേഷമാണ് മന്ത്രി ബസ്ബേ ഉദ്ഘാടനം ചെയ്തത്
ബസ് ബേ ഉദ്ഘാടനം പ്രമാണിച്ച് നടുറോഡില്‍ വൻ ശബ്ദത്തോടെ പടക്കം പൊട്ടിച്ചത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ബസ് കയറാനെത്തിയ യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റു. കൊല്ലത്തെ സര്‍ക്കാര്‍ പരിപാടികളില്‍ യു.ഡി.എഫിനെ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
