ദുബായ്: യുഎഇയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ കലാപ്രതിഭകളെ കണ്ടെത്താനുള്ള യുഫെസ്റ്റ് 2017ന്‍റെ മത്സരങ്ങള്‍ പുരോഗമിക്കുന്നു. അജ്മാന്‍, ഉമുല്‍ഖുവൈന്‍ എമിറേറ്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ അല്‍ അമീര്‍ ഇംഗ്ലീഷ്സ്കൂള്‍ അജ്മാന്‍ ജേതാക്കളായി.

റാസല്‍ഖൈമ ഇന്ത്യന്‍സ്കൂളില്‍ നടന്ന മത്സരത്തില്‍ 197പോയിന്‍റുകളുമായി അല്‍ അമീര്‍ ഇംഗ്ലീഷ്സ്കൂള്‍ അജ്മാന്‍ എമിറേറ്റ് തല വിജയിയായി. 72 പോയിന്‍റുകളുമായി അജ്മാന്‍ ഇന്ത്യന്‍സ്കൂള്‍ രണ്ടാമതെത്തി.

കൃത്യമായ പരിശീലനത്തിലൂടെയും തയ്യാറെടുപ്പുകള്‍ക്കം ശേഷമാണ് പ്രതിഭകള്‍ വേദിയില്‍ കയറിയത്. ഒപ്പനയില്‍ മൊഞ്ചത്തിമാരും തിരുവാതിരയില്‍ മലയാളി മങ്കമാരും സ്റ്റേജില്‍ നിറഞ്ഞപ്പോള്‍ കരഘോഷത്തോടെയാണ് കാണികള്‍ പ്രോത്സാഹിപ്പിച്ചത്.

അജ്മാന്‍ ഉമുല്‍ഖുവൈന്‍ എമിറേറ്റുകളിലെ എട്ട് സ്കൂളുകളില്‍ നിന്നായി 502 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ദുബായി, ഷാര്‍ജ എമിറേറ്റുകളിലെ വിദ്യാര്‍ത്ഥകള്‍ക്കായുള്ള യുഫെസ്റ്റ് മത്സരങ്ങള്‍ അടുത്ത വെള്ളി ശനി ദിവസങ്ങളില്‍ ദുബായി ഇന്ത്യന്‍ അക്കാദമി സ്കൂളില്‍ നടക്കും.