മുംബൈ: ഇസെഡ്​പ്ലസ്​ സുരക്ഷയില്‍ ട്രെയിന്‍ യാത്രചെയ്ത മഹാരാഷ്‌ട്ര സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ മൊബൈലുകള്‍ മോഷണം പോയി. തോക്കേന്തിയ അഞ്ച് പൊലീസുകാരുടെയും നാല് റെയില്‍വേ പൊലീസുകാരുടെയും കാവലുള്ളപ്പോഴാണ് മോഷണം നടന്നത്. മുംബൈ ഭീകരാക്രമണം അടക്കമുള്ള കേസുകളില്‍ സര്‍ക്കാര്‍ അഭിഭാഷകനാണ് നിഗം.

മുംബൈയില്‍ നിന്ന്​സ്വദേശമായ ജല്‍ഗാവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ്​സംഭവം. മുംബൈയില്‍ പ്രാക്ടീസ് ചെയ്യുന്ന ഉജ്വല്‍ നിഗം എല്ലാ ആഴ്ചയിലും നാട്ടില്‍ പോയി വരുമായിരുന്നു. പതിവുപോലെ വെള്ളിയാഴ്​ച രാത്രി 11 ന്​ ദാദര്‍-അമൃതസര്‍ എക്​സ്​പ്രസ്​ ട്രെയിനിലെ എ-വണ്‍ കോച്ചില്‍ ദാദറില്‍ നിന്ന്​ കയറിയ നിഗം വിലപിടിപ്പുള്ള രണ്ട്​ മൊബൈലുകള്‍ തലയിണക്കടിയില്‍ വെച്ച്​ ഉറങ്ങി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എ.കെ 47 ഏന്തിയ അഞ്ച്​ പൊസുകാരും ട്രെയിന്‍ ബോഗിയുടെ നാല്​വാതിലുകളിലായി റെയില്‍വെ കോണ്‍സ്റ്റബിള്‍മാരും കാവലുണ്ടായിരുന്നു.

ശനിയാഴ് പുലര്‍ച്ചെ അഞ്ചിന്​ഉണര്‍ന്ന് നോക്കിയപ്പോഴാണ് തലയിണക്കിടയില്‍ വെച്ചിരുന്ന മൊബൈല്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്.സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ നമ്പറുകളിലേക്ക്​വിളിച്ചപ്പോള്‍ സ്വിച്ച്​ഓഫ് ആണെന്ന റെക്കോര്‍ഡ്​സന്ദേശമാണ്​ലഭിച്ചത്. ജല്‍ഗാവ്​സ്റ്റേഷനില്‍ ഇറങ്ങിയ നിഗം റെയില്‍വെ പൊലിസില്‍ പരാതി നല്‍കി. സുരക്ഷാ ഗാര്‍ഡുകള്‍ എല്ലാവരും ഉറങ്ങിയതാണ് മോഷണം നടക്കാന്‍ കാരണമെന്ന് പൊലീസ് വിലയിരുത്തല്‍. 1993ലെ മുംബൈ സ്ഫോടന കേസിലൂടെയാണ്​പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നിഗം ശ്രദ്ധേയനാകുന്നത്. അജ്മല്‍ കസബ്​ പ്രതിയായ 2008 മുംബൈ ഭീകരാക്രമണ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനായതോടെ നിഗത്തിന് ഇസെഡ്​പ്ലസ്​ സുരക്ഷ ഏര്‍പ്പെടുത്തുകയായിരുന്നു.