ലണ്ടൻ: ബ്രിട്ടീഷ് പാർലമെന്‍റ് തൂക്കു മന്ത്രിസഭയിലേക്ക്. പാർലമെന്‍റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുഖ്യധാരാ പാർട്ടികൾക്കൊന്നും കേവല ഭൂരിപക്ഷമായ 326 സീറ്റ് നേടാനായില്ല. 650 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഭരണകക്ഷിയായ തെരേസാ മേയുടെ കണ്‍സർവേറ്റീവ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 

ഭൂരിപക്ഷം ഗണ്യമായി കൂട്ടാമെന്നു കരുതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി തെരേസാ മേയ്ക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം. കാലാവധി തീരാൻ മൂന്നു വർഷം ശേഷിക്കെയാണ് തെരേസാ മേ തെരഞ്ഞെടുപ്പ് നേരിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമുണ്ടായ ഭീകരാക്രമണങ്ങൾ തെരേസാ മേയ്ക്ക് തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. 

തെരഞ്ഞെടുപ്പിൽ ജെറെമി കോർബിന്‍റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിക്കു നേട്ടം കൈവരിക്കുവാൻ സാധിച്ചു. 650 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 315 സീറ്റിൽ കണ്‍സർവേറ്റീവ് പാർട്ടി വിജയിച്ചപ്പോൾ 261 സീറ്റാണ് ലേബർപാർട്ടിക്ക് നേടാനായത്. സ്കോട്ടിഷ് നാഷണൽ പാർട്ടി 35 സീറ്റ് നേടി. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി 12 സീറ്റുകളിലും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി 10 സീറ്റുകളിലും വിജയിച്ചു. നാല് സീറ്റുകളുടെ ഫലം അറിയുവാനുണ്ട്. 

അതേസമയം തെരേസാ മേ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ലേബർ പാർട്ടി നേതാവ് ജെറെമി കോർബി ആവശ്യപ്പെട്ടു. തൂക്കു മന്ത്രിസഭ വരുമെന്ന സാഹചര്യത്തിലാണ് തെരേസാ മേയുടെ രാജി ആവശ്യപ്പെട്ടത്. 

ഏപ്രിൽ 18-നു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്പോൾ പ്രധാനമന്ത്രി തെരേസാ മേയുടെ കണ്‍സർവേറ്റിവ് പാർട്ടിക്ക് ലേബറിനേക്കാൾ 19 ശതമാനം പിന്തുണ കൂടുതലുണ്ടായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം വർധിപ്പിക്കാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ടാണ് ബ്രിട്ടീഷ് പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നത്.