ലണ്ടന്‍: ഇന്ത്യന്‍ വംശജയും ബ്രീട്ടിഷ് വികസനകാര്യ മന്ത്രിയുമായ പ്രീതി പട്ടേല്‍ രാജിവച്ചു. അനുമതിയില്ലാതെ ഇസ്രയേല്‍ രാഷ്‌ട്രീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച വിവാദമായ പശ്ചാത്തലത്തിലാണ് രാജി. ഓഗസ്റ്റ് ,സെപ്റ്റംബര്‍ ‍മാസങ്ങളിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ള നേതാക്കളുമായി പ്രീതി പട്ടേല്‍ കൂടിക്കാഴ്ച നടത്തിയത്.

ഇസ്രയേല്‍ സൈനിക ആശുപത്രിയും ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ബ്രീട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് അയച്ച കത്തില്‍ തെറ്റ് ഏറ്റ് പറഞ്ഞ പ്രീതി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ കോട്ടം സംഭവിച്ചതിനാലാണ് രാജിയെന്ന് പറ‍ഞ്ഞു. ഉഗാണ്ടയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഇന്ത്യന്‍ ദമ്പതികളുടെ മകളായ പ്രീതി 2010ലാണ് ആദ്യമായി പാര്‍ലമെന്റിലെത്തിയത്.

പിന്നീട് 2015ലും 2017ലും തെരഞ്ഞെടുക്കപ്പെട്ട ഇവര്‍‍ ഡേവിഡ് കാമറൂണ്‍ മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ പ്രീതി യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുകളിലൂടെയും ,സ്വവര്‍ഗ വിവാഹത്തിനെതിരായ നിലപാടുകളിലൂടെയും ശ്രദ്ധപിടിച്ചിരുന്നു.