ലണ്ടന്‍; ഇതരവിഭാഗങ്ങളില്‍ നിന്നുമുള്ള ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ അഹമ്മദീയ്യ വിഭാഗത്തിന്റെ മസ്ജിദിന് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. വിമാനത്താവളങ്ങളിലേതിന് തുല്യമായ സുരക്ഷാ സംവിധാനങ്ങളാണ് ഇപ്പോള്‍ മസ്ജിദിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ബ്രിട്ടനിലെ 30,000-ത്തോളം അഹമ്മദീയ്യ വിഭാഗത്തിന്റെ വിശ്വാസകേന്ദ്രമാണ് ദക്ഷിണ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ഈ പള്ളി. ഐഡി കാര്‍ഡ് പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇപ്പോള്‍ പള്ളിയില്‍ ആളുകളെ പ്രവേശിപ്പിക്കുന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള ദേഹ പരിശോധന കൂടാതെ ആളുകളുടെ ബാഗുകളും ഇവിടെ വിശദമായി പരിശോധിക്കുന്നുണ്ട്. 

ആചാരങ്ങളിലും വിശ്വാസങ്ങളിലുമുള്ള വ്യത്യാസം മൂലമാണ് ഇതര ഇസ്ലാമിക വിഭാഗങ്ങളില്‍ നിന്ന് അഹമ്മദ്ദീയ വിഭാഗക്കാര്‍ ഭീഷണി നേരിടുന്നത്. തങ്ങളുടെ നേതാവായ ഹസ്രത് മിര്‍സ മസൂര്‍ അഹമ്മദിനെതിരെയുണ്ടായ വധഭീഷണികളില്‍ അന്വേഷണം വേണമെന്നും പള്ളി കമ്മിറ്റി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പാകിസ്താനടക്കമുള്ള രാജ്യങ്ങളില്‍ വലിയ ഭീഷണിയാണ് തങ്ങള്‍ നേരിടുന്നതെന്നും അത്തരമൊരു അവസ്ഥ ബ്രിട്ടനില്‍ ഉണ്ടാവില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ഒരു പള്ളി കമ്മിറ്റി ഭാരവാഹി പറയുന്നു. ഈജിപ്തില്‍ സൂഫി വിശ്വാസികളുടെ പള്ളിക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് അഹമ്മദീയ വിഭാഗക്കാര്‍ തങ്ങളുടെ പള്ളിയിലും സുരക്ഷ ശക്തമാക്കുന്നത്.