ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിനെതിരായ ആക്രമണത്തില്‍ രണ്ട് പേരെ ദില്ലി സ്പെഷ്യൽ സെൽ പിടികൂടി. ദർവേഷ് ഷാപൂർ, നവീൻ ദലാൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഉമർ ഖാലിദിനെ ആക്രമിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇവർ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു.

ദില്ലി: ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദിനെതിരായ ആക്രമണത്തില്‍ രണ്ട് പേരെ ദില്ലി സ്പെഷ്യൽ സെൽ പിടികൂടി. ദർവേഷ് ഷാപൂർ, നവീൻ ദലാൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഉമർ ഖാലിദിനെ ആക്രമിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇവർ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് പരിസരത്ത് വെച്ച് തിങ്കളാഴ്ചയാണ് ഉമർ ഖാലിദിനെ കൊല്ലാൻ ശ്രമിച്ചത്. 

ഇതിനിടെയാണ് വധിക്കാൻ ശ്രമിച്ചയാളുടെ ചിത്രം ഉമർ ഖാലിദ് തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. തനിക്ക് ലഭിച്ച ഒരു ചിത്രത്തിൽ നിന്നുമാണ് പ്രതിയെ ഉമർ തിരിച്ചറിഞ്ഞത്. നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാനലിന്‍റെ എഡിറ്ററുടെ കൂടെനിൽക്കുന്ന ഫോട്ടോയിലെ ആളാണ് തന്നെ കൊലപ്പെടുത്താന്‍ നോക്കിയതെന്ന് ഉമല്‍ ഖാലിദ് അവകാശപ്പെട്ടു.

യുനൈറ്റ് എഗന്‍സ്റ്റ് ഹേറ്റ്' എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ഖൗഫ് സേ ആസാദി (ഭയത്തില്‍ നിന്നും മോചനം) എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ദില്ലി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ എത്തിയതാണ് ഉമര്‍ ഖാലിദ്. നിറതോക്കുമായി എത്തിയ അജ്ഞാതന്‍ ഖാലിദ് നിന്നിരുന്ന ചായക്കടയുടെ അരികിലെത്തി ചുറ്റുമുണ്ടായിരുന്നവരെ തള്ളിമാറ്റി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തുടർന്ന് ഖാലിദ് താഴെ വീഴുകയും വെടിയേല്‍ക്കാതെ രക്ഷപ്പെടുകയുമായിരുന്നു. കൂടെ ഉണ്ടായിരുന്നവർ ആക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് രണ്ട് മാസങ്ങള്‍ക്കു മുമ്പ് ഉമര്‍ ഖാലിദ് ദില്ലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജിഗ്നേഷ് മേവാനിക്കും തനിക്കുമെതിരെ രവി പൂജാരി എന്നയാള്‍ വധഭീഷണി മുഴക്കിയതായും താന്‍ അവരുടെ ഹിറ്റ് ലിസ്റ്റിലുണ്ടെന്നാണ് രവി പൂജാരി പറഞ്ഞതെന്നും പരാതിയില്‍ ഉമര്‍ പറഞ്ഞിരുന്നു. 2016ലും ഇതേ ആള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്.

അതിനാല്‍, തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും പരാതിയില്‍ പറഞ്ഞതായലി ഉമര്‍ ട്വീറ്റ് ചെയ്തിരുന്നു. രാജ്യം വിട്ടില്ലെങ്കില്‍ ഉമറിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് വീട്ടില്‍ ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുതായി 2016ല്‍ ഉമര്‍ ഖാലിദിന്റെ പിതാവ് സയ്യിദ് ഖാസിം ഇല്യാസ് റസൂല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.